മുണ്ടുമടക്കിക്കുത്തി തനി "പാലാക്കാരനായി" മാണി സി കാപ്പൻ എംഎൽഎ ; മുട്ടുമടക്കി ടോറസുടമകൾ !

New Update

publive-image

മേലുകാവ്:മേലുകാവിൽ വില്ലത്തരം കാണിച്ച ടോറസുടമകളെ അതേ നാണയത്തിൽ നേരിട്ട മാണി സി കാപ്പൻ ടോറസിൻ്റെ താക്കോലൂരി താരമായി. ഇന്ന് മേലുകാവിലാണ് സിനിമാ സ്റ്റൈലിൽ വില്ലത്തരവുമായി ടോറസ് ഉടമകൾ "പണി" തുടങ്ങിയത് ; എന്നാൽ വില്ലത്തരം പാലായിൽ ചെലവാകില്ലെന്നു സിനിമാതാരം കൂടിയായ മാണി സി കാപ്പൻ എംഎൽഎ തെളിയിച്ചു.

Advertisment

അപകടമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞിട്ട ടോറസുകളുമായി ഡ്രൈവർമാർ കടക്കാൻ ശ്രമിച്ചപ്പോൾ നാടൻ ശൈലിയിൽ മുണ്ടുമടക്കിക്കുത്തി മുന്നിൽ കിടന്ന ടോറസിൻ്റെ ഡോറു തുറന്ന് താക്കോൽ എംഎൽഎ വലിച്ചൂരി എടുത്തതോടെ നാട്ടുകാർ കൈയ്യടിച്ചു. ഇതോടെ ടോറസുടമകൾ വാഹനങ്ങളുമായി പോകുന്നതിൽ നിന്നും പിൻവാങ്ങി.

publive-image

കാഞ്ഞിരം കവലയിൽ   നിയന്ത്രണംവിട്ട ടോറസ് ലോറി  ഇടിച്ചുകയറി കൊച്ചോലിമാക്കൽ മേഴ്സി ജെയിംസിൻ്റെ വീടിന് ഉണ്ടായ നാശനഷ്ടം പരിഹരിക്കാൻ ചേർന്ന ചേർന്ന ചർച്ചയ്ക്കിടെയാണ് സംഭവം. തുടർന്നു പുനരാരംഭിച്ച ചർച്ചയെത്തുടർന്ന് വീടിനുണ്ടായ നഷ്ടത്തിന് പരിഹാരം നൽകാൻ തീരുമാനമായി. ഇത് സംബന്ധിച്ച ഉടമ്പടി ശനിയാഴ്ച രാവിലെ 10 മണിക്ക് മേലുകാവ് പോലീസ് സ്റ്റേഷനിൽ നടക്കും.

വീടിന് ഉണ്ടായ നാശനഷ്ടം മേലുകാവ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ എത്തി വിലയിരുത്തും. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് അനുമാനിക്കുന്നു. ഇൻഷ്വറൻസ് തുകയ്ക്ക് പുറമെ നഷ്ടമുണ്ടായതിൻ്റെ  പൂർണ്ണ ഉത്തരവാദിത്തം പാറമട ഉടമ വഹിക്കുമെന്നാണ് ധാരണ. ഒപ്പം പൂർണമായി തകർന്ന  രണ്ട് ബൈക്കുകളുടെയും ഭാഗികമായി തകർന്ന കാറിൻ്റെയും ഇൻഷ്വറൻസ് തുകയ്ക്ക് പുറമെയുള്ള തുക ടോറസ് ഉടമയും വഹിക്കും. വീട് പുനർ നിർമ്മിക്കുന്നതുവരെ ചിലവാകുന്ന മാസവാടകയായി 20000 രൂപയും നഷ്ടപരിഹാരമായി നല്കും.

മാണി സി കാപ്പൻ എംഎൽഎയുടെ അധ്യക്ഷതയിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റ്റി. ജെ ബെഞ്ചമിൻ തടത്തിപ്ളാക്കൽ, മേലുകാവ് സർക്കിൾ ഇൻസ്പെക്ടർ ഷിബു പാപ്പച്ചൻ, മേലുകാവ് രണ്ടാം വാർഡ് മെമ്പർ പ്രസന്ന സോമൻ, എം എ സി എസ് പ്രസിഡൻ്റ് ജോസഫ് ജേക്കബ് , ജന പ്രതിനിധികൾ എന്നിവർ മധ്യസ്ഥ ചർച്ചയ്ക്ക് നേതൃത്വം നല്കി.

ഇനിയൊരു അപകടം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് നാട്ടുകാർ. ചർച്ചയിൽ തീരുമാനമായതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞ ടോറസ് വാഹനങ്ങൾ വിട്ടയച്ചു.

pala news
Advertisment