ബിരുദവും ബിരുദാനന്തര ബിരുദവും കൊണ്ട് വിശപ്പ് മാറില്ലല്ലോ ! മാതാപിതാക്കളെയും ഭാര്യയെയും കുഞ്ഞിനേയും പട്ടിണിക്കിടാനാകില്ല; കോവിഡ് മൂലം ജോലി നഷ്ടമായ സിനിമാ നടനും അധ്യാപകനുമായ യുവാവ് കുടുംബം പോറ്റുന്നത് കാര്‍ വാഷ് സെന്ററില്‍ വാഹനങ്ങള്‍ കഴുകി !

New Update

റിപ്പോര്‍ട്ട്‌ : ജോമോന്‍ മണിമല

മണിമല : കോവിഡ് മൂലം ജോലി നഷ്ടമായ ബിരുദാനന്തര ബിരുദധാരിയായ അധ്യാപകന്‍  കാര്‍ വാഷ് സെന്ററില്‍ വാഹനങ്ങള്‍ കഴുകി അതിജീവനപാതയില്‍ .സിനിമാനടന്‍ കൂടിയായ   മണിമല തുണ്ടിയില്‍ ടോം സെബാസ്റ്റ്യനെന്ന ചെറുപ്പക്കാരനാണ് വാഹനങ്ങള്‍ കഴുകി കുടുംബം പോറ്റുന്നത് .

Advertisment

publive-image

എം.എ  ബി.എഡ് പാസായതിനുശേഷം ഹയര്‍ സെക്കണ്ടറിയില്‍ ഉള്‍പ്പെടെ  ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നാലുവര്‍ഷത്തെ അധ്യാപക ജോലിക്കുശേഷം എയിഡഡ് സ്കൂളായ പുലിക്കല്ല് കെ.ജെ.ചാക്കോ മെമ്മോറിയല്‍ ഹൈസ്ക്കൂളില്‍ രണ്ടുവര്‍ഷം ലീവ് വേക്കന്‍സിയില്‍ അധ്യാപകനായിരുന്നു കഴിഞ്ഞ മാര്‍ച്ച് വരെ.

ഇക്കുറി എവിടെയെങ്കിലും  ജോലി സ്ഥിരപ്പെട്ടേനെ . കൊവിഡ് മൂലം ഇക്കുറി സ്കൂള്‍ തുറക്കാതെ വന്നതിനാല്‍ ടോമിന് ജോലിയില്‍ പ്രവേശിക്കാനായില്ല .പ്രായവും രോഗവും അലട്ടുന്ന മാതാപിതാക്കളും ഭാര്യയും കുഞ്ഞിനേയും പട്ടിണിക്കിടാതിരിക്കാനായാണ് കൂലിപ്പണിക്ക് പോലും പോകാന്‍ ടോം  തയ്യാറായത് .

പല ജോലികളും അന്വേഷിച്ചെങ്കിലും ഒന്നും ലഭിക്കാതെ വന്നതോടെയാണ് കാര്‍വാഷ് സെന്ററില്‍ വാഹനങ്ങള്‍ കഴുകുന്ന ജോലി ഏറ്റെടുത്തത്. ടോമിന്റെ ഭാഷയില്‍ പറഞ്ഞാല്‍ '' ബിരുദവും ബിരുദാനന്തര ബിരുദവും കൊണ്ട് വിശപ്പ് മാറില്ലല്ലോ ''.

രണ്ടുമാസമായി മണിമലയ്ക്കു സമീപമുള്ള കാര്‍ വാഷ് സെന്ററില്‍ വാഹനങ്ങള്‍ കഴുകി വെളുപ്പിക്കുന്നത് ബിരുദാനന്തര ബിരുദമുള്ള അധ്യാപകനാണെന്ന് വാഹനങ്ങള്‍ കഴുകാനെത്തിയവരുമറിഞ്ഞില്ല .

publive-image

സാധാരണയായി കൂടുതലും ബംഗാളികളാണ് ഇത്തരം പണികള്‍ ചെയ്യുകയെന്നതിനാല്‍ ടോമും ഒരു ബംഗാളിയാണെന്നാവുമേറെപ്പേരും കരുതിയത് .

ടോമിന്റെ ശിഷ്യരു പോലും വാഹനങ്ങള്‍ കഴുകുന്ന അധ്യാപകനെ തിരിച്ചറിഞ്ഞില്ല . ഫുള്‍ സ്ളിവും ജീന്‍സും കൂളിംങ്ങ് ഗ്ളാസുമൊക്കെയായി വിദ്യാര്‍ത്ഥികളോടൊപ്പം അടിച്ചുപൊളിക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട മാഷ് ബംഗാളിയാണെന്നാവുമേറെപ്പേരും കരുതിയത് .

publive-image

ഫുള്‍ സ്ളിവും ജീന്‍സും കൂളിംങ്ങ് ഗ്ളാസുമൊക്കെയായി വിദ്യാര്‍ത്ഥികളോടൊപ്പം അടിച്ചു പൊളിക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട മാഷ് കാര്‍   കഴുകാനിറങ്ങുമെന്ന് കുട്ടികള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കില്ലല്ലോ . സിനിമകളിലും ഷോര്‍ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള ടോം മികച്ചയൊരു ഗായകന്‍ കൂടിയാണ് .

publive-image

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വന്നെങ്കിലും ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷയില്‍ തല്‍ക്കാലത്തേയ്ക്ക് അഭിനയത്തിനവധി നല്‍കുകയായിരുന്നു .

രണ്ടു മാസത്തെ കാര്‍ വാഷ് സെന്ററിലെ പണികള്‍ മൂലം കാലിന്റെ അടിഭാഗത്തെ തൊലി തേഞ്ഞതിനാല്‍ കാലിപ്പോള്‍ നിലത്തു തൊടാനാകുന്നില്ല. അതിനാല്‍ കാര്‍ വാഷ് സെന്ററിലെ ജോലിയില്‍ നിന്ന് തല്‍ക്കാലത്തേയ്ക്ക് അവധിയെടുത്തിരിക്കുകയാണ് ടോം സെബാസ്റ്റ്യന്‍.

life story
Advertisment