Advertisment

കോവിഡ് വ്യാപനം തടയാന്‍ അഞ്ചു നിര്‍ദേശങ്ങള്‍; പ്രധാനമന്ത്രിക്ക് കത്തെഴുതി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

New Update

publive-image

Advertisment

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായുള്ള മാർഗങ്ങള്‍ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കത്ത്. വാക്സിനേഷൻ കൂട്ടണമെന്നതുൾപ്പെടെ അഞ്ച് നിർദ്ദേശങ്ങളാണ് കത്തിൽ നൽകിയത്.

കോവിഡ് വാക്സിനേഷൻ നടപടി വ്യാപിപ്പിക്കണമെന്ന് കത്തിൽ മൻമോഹൻ സിങ് ആവശ്യപ്പെട്ടു. ഈ കാലഘട്ടത്തിൽ ലക്ഷ്യമിടുന്നത്രയും പേര്‍ക്ക് വാക്സീൻ നൽകണമെങ്കിൽ വാക്സീൻ നിർമാതാക്കൾക്ക് ആറു മാസത്തേക്കെങ്കിലും മുൻകൂട്ടി ഓർഡറുകൾ നൽകണം.

വാക്‌സിനുകള്‍ എങ്ങനെയാണ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് രണ്ടാമത്തെ നിര്‍ദേശമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര ആവശ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം 10 ശതമാനം വാക്‌സിന്‍ നിലനിര്‍ത്തണം. കൂടാതെ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെക്കുറിച്ചുള്ള വ്യക്തമായ സൂചന ഉണ്ടായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

45 വയസിന് താഴെയാണെങ്കില്‍ പോലും വാക്‌സിന്‍ നല്‍കാന്‍ കഴിയുന്ന കോവിഡ് മുന്‍നിര തൊഴിലാളി വിഭാഗങ്ങളെ നിര്‍വചിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കണം. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ ഉത്പാദന കേന്ദ്രങ്ങള്‍ വിപുലീകരിക്കാന്‍ സഹായിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളും മറ്റു ഇളവുകളും പ്രഖ്യാപിച്ച് പിന്തുണ നല്‍കണമെന്ന നിര്‍ദേശവും കത്തിലുണ്ട്.

വാക്സീൻ നിർമാതാക്കളെ സർക്കാർ പിന്തുണയ്ക്കണം. ഫണ്ടുകളും ഇളവുകളും നൽകി നിർമാണം വ്യാപിപ്പിക്കുന്നതിനും സഹകരിക്കണം. ആഭ്യന്തര വാക്സീനുകളുടെ കാര്യത്തിൽ പരിമിതികളുള്ളതിനാൽ വിശ്വസനീയ കേന്ദ്രങ്ങളിൽനിന്ന് അനുമതി ലഭിച്ച വിദേശ വാക്സീനുകളും ഇറക്കുമതി ചെയ്യണമെന്നും മൻമോഹൻ സിങ് ആവശ്യപ്പെട്ടു.

Advertisment