കണ്ണൂര്‍ :പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത അകറ്റാന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ആദ്യം അന്വേഷണം നടത്തിയത് കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ച് ആയിരുന്നു. പിന്നീട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷണ ചുമതല ഡിവൈഎസ്പി ഷാജു ജോസിനാണ്.
/sathyam/media/post_attachments/jCQDKOXPRPJ7w65uqu5S.jpg)
രതീഷ് കൂലോത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷയമേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനു പിന്നാലെ വടകര റൂറല്‍ എസ് പി മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ അർദ്ധരാത്രിയോടെയാണ് വടകര റൂറല്‍ എസ്.പി രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് ഇന്നലെ വൈകുന്നേരം ആണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്. രതീഷിന്റെത് തൂങ്ങിമരണം എന്നായിരുന്നു പ്രാഥമിക സൂചന. എന്നാല്‍ യുഡിഎഫ് നേതൃത്വം മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പാനൂര്‍ യോഗത്തില്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടുതല്‍ പരിശോധനകള്‍ പൊലീസ് നടത്തിയത്.