വിവാദ പ്രസംഗം; ബിഷപ്പ് മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിനെതിരേ അന്വേഷണത്തിന് കോടതി  ഉത്തരവ്

New Update

പാലാ: മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ അനേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisment

publive-image

ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവി അഡ്വ. കെ എന്‍ പ്രശാന്ത്, അഡ്വ. സി പി അജ്മല്‍ എന്നിവര്‍ മുഖേന CMP 2684/2021 നമ്പറില്‍ നല്‍കിയ ഹരജിയിലാണ് കുറവിലങ്ങാട് പോലീസിനോട് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

സെപ്തംബര്‍ 24നാണ് ഇതുസംബന്ധിച്ച് അബ്ദുല്‍ അസീസ് മൗലവി കേസെടുക്കാനാവശ്യപ്പെട്ട് കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എസ്പിക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.

സെപ്തംബര്‍ 8നാണ് കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുസ്‌ലിം വിഭാഗത്തിനെതിരേ വിദ്വേഷ പ്രസംഗം നടത്തിയത്. ലൗജിഹാദ്, നാര്‍കോട്ടിക് ജിഹാദ് തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയതുമൂലം മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു.

പലരും പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് പ്രതിക്കെതിരേ 153 എ, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കെസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി സമർപ്പിച്ചത്. ഹരജിക്കാരനു വേണ്ടി അഡ്വ. സി പി അജ്മല്‍ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.

mar joseph kallarangatt
Advertisment