സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു മുമ്പ് സഭയോട് അനുവാദം ചോദിക്കണമെന്ന ചങ്ങനാശേരി അതിരൂപതാധ്യക്ഷന്റെ നിലപാടില്‍ പ്രതിഷേധം ! സഭാംഗങ്ങളുടെ തലയെണ്ണിക്കാണിച്ച് മെത്രാന്‍മാരുടെ വിശ്വസ്ത വിനീത ദാസന്‍മാരെ രാഷ്ട്രീയത്തിലിറക്കാനുള്ള നീക്കം വിവാദത്തില്‍ ! ബിഷപ്പിന്റെ മോഹം മെത്രാന്‍മാരുടെ ബിനാമികളായ അല്‍മായ നേതാക്കളെ നിയമസഭയിലെത്തിക്കാന്‍ ! അല്‍മായ നേതാക്കളുടെ മറവില്‍ ജനാഭിപ്രായമില്ലാത്ത നേതാക്കളെ പരീക്ഷിക്കാന്‍ തയ്യാറായാല്‍ ഫലം പരാജയമെന്നും വിമര്‍ശനം. മാര്‍ ജോസഫ് പെരുന്തോട്ടത്തിനെതിരെ പ്രതിഷേധമുയരുമ്പോള്‍…

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, February 25, 2021

കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും മുമ്പ് കത്തോലിക്കാ സഭയോട് കൂടി ആലോചിക്കണമെന്നുള്ള ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാകുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാനുള്ള ബിഷപ്പിന്റെ നീക്കത്തിലാണ് പ്രതിഷേധം. സഭയിലെ അംഗങ്ങളുടെ തലയെണ്ണിക്കാണിച്ച് മെത്രാന്‍മാരുടെ വിശ്വസ്ത വിനീത ദാസന്‍മാരെ രാഷ്ട്രീയത്തിലിറക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് വിശ്വാസികളുടെ പക്ഷം. സഭയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് രൂക്ഷ വിമര്‍ശനം.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ കഴിവുള്ള അല്‍മായ നേതാക്കളെ വളര്‍ത്തിയ ചരിത്രമില്ലെന്ന യാഥാര്‍ത്ഥ്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി സഭയുടെ തലപ്പത്തിരിക്കുന്ന കുറച്ചു ആളുകളാവട്ടെ മെത്രാന്‍മാരുടെ വിനീത വിധേയന്‍മാരാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കത്തിലിക്കാ സഭയുടെ അല്‍മായര്‍ വഹിക്കേണ്ട സുപ്രധാന പദവികള്‍ ഒന്നൊന്നായി നല്‍കിയത് ഒരേ വ്യക്തിക്കായിരുന്നു.

കഴിവുള്ള പല പ്രഗല്‍ഭരെയും മാറ്റി നിര്‍ത്തിയാണ് താരതമ്യേന കഴിവുകുറഞ്ഞ ഇയാളെ മാത്രം സഭ പ്രോല്‍സാഹിപ്പിച്ചത്. ഇത്തരത്തില്‍ മെത്രാന്‍മാരുടെ ബിനാമിയായ മധ്യകേരളത്തിലെ ചില പ്ലാന്റര്‍മാരെ നിയമസഭകളിലേക്ക് ഒളിച്ചു കടത്താനുള്ള നീക്കത്തെ പ്രതിരോധിക്കണമെന്നാണ് വിശ്വാസികള്‍ തന്നെ പറയുന്നത്.

സഭാ വിരോധികളെ ന്യായീകരിക്കാനോ അവരെ പ്രതിനിധിയാക്കാനോ സാധാരണ ഗതിയില്‍ ഒരു ബിഷപ്പും രംഗത്തുവരാറില്ല. അത്തരക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അവരെ തോല്‍പ്പിക്കാന്‍ പരസ്യമായി ശ്രമിച്ച ഉദാഹരണങ്ങളുമുണ്ട്.

അങ്ങനെയുള്ള ശ്രമങ്ങളെപ്പോലും പരാജയപ്പെടുത്തി വിജയിച്ച നേതാക്കളും കേരളത്തിലുണ്ട്. എന്നാല്‍ കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം വച്ച് മുതലെടുപ്പിനുള്ള ശ്രമമാണ് ആര്‍ച്ചുബിഷപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് വിലയിരുത്തല്‍.

ചങ്ങനാശേരിയിലും കുട്ടനാട്ടിലും ബിഷപ്പിന്റെ ഏറാന്‍മൂളികളായ നോമിനികളെ ഇറക്കി വിശ്വാസികളുടെ തലയെണ്ണി കാര്യം കാണാനുള്ള നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തരമുള്ള ചില തന്ത്രങ്ങളും വിരട്ടലുകളും ചങ്ങനാശ്ശേരി സഭാ ആസ്ഥാനത്തുനിന്നും പരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ സഭയുടെ മാധ്യമത്തില്‍ ഇതുപോലൊരു ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്രസിനെയായിരുന്നു ലക്ഷ്യം വച്ചത്. പക്ഷേ കാര്യമായ ഗുണം അതിലുണ്ടായില്ലെങ്കിലും കോണ്‍ഗ്രസിന്റെ പരാജയം മുതലെടുക്കുകയായിരുന്നു ഇത്തവണത്തെ ലേഖനത്തിന്റെ ലക്ഷ്യം.

സ്വന്തം ഇടവകയില്‍ പോലും അനാവശ്യ പിടിവാശി കാണിച്ചതിന്‍റെ പേരില്‍ ആ പള്ളിയിലേക്ക് മാസങ്ങളോളം കയറാന്‍ പറ്റാത്തത്ര മിടുക്കനായ ഭരണാധികാരിയാണ് ഇപ്പോള്‍ സമ്മര്‍ദ്ദ നീക്കവുമായി ഇറങ്ങിയിരിക്കുന്നതത്രെ. അങ്ങനെയൊരാള്‍ ഇത്തരം പ്രസ്താവനയുമായി ഇപ്പോള്‍ ഇറങ്ങിയത് ചില സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായിട്ടാണെന്ന വിമര്‍ശനമാണ് സഭക്കുള്ളില്‍നിന്നും ഉയരുന്നത്.

സഭയുടെ നോമിനികള്‍ അല്ലെങ്കില്‍ സഭയ്ക്ക് താല്‍പ്പര്യമുള്ളവര്‍ മിക്കപ്പോഴും പൊതുസമൂഹത്തില്‍ അംഗീകാരമില്ലാത്തവരാണെന്നതാണ് നിലവിലെ സാഹചര്യം. ഇതുവരെ സഭയുടെ നേതൃത്വത്തിലേക്ക് നോക്കിയാല്‍ എണ്ണത്തില്‍ കുറവുള്ള ഇത്തരം അല്‍മായ പ്രമുഖരെ കാണാം. ഇവരെ സഭയുടെ താല്‍പ്പര്യവും അംഗീകാരവും എന്ന ചില ലേബലൊട്ടിച്ച് നേതൃപദവികളിലേക്ക് കടത്തിവിട്ടാല്‍ അത് അംഗീകരിക്കില്ലെന്നും ഒരുവിഭാഗം വിശ്വാസികള്‍ പറയുന്നു.

 

×