മറഡോണയോടുളള ആദരവിന്റെയും ആരാധനയുടെയും അടയാളമായി കണ്ണൂരിലും ഒരു മ്യൂസിയം! കേരളത്തിലെത്തിയപ്പോള്‍ മറഡോണ താമസിച്ച മുറി  മ്യൂസിയമാക്കി ഹോട്ടൽ ഉടമ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, November 29, 2020

കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായി ചെറുതും വലുതുമായ സ്മാരകങ്ങള്‍ നിര്‍മ്മിക്കാനുളള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍.

മറഡോണയോടുളള ആദരവിന്റെയും ആരാധനയുടെയും അടയാളമായി കണ്ണൂരിലും ഒരു മ്യൂസിയം ഒരുങ്ങുന്നുണ്ട്. കേരളത്തിലെത്തിയപ്പോള്‍ മറഡോണ താമസിച്ച ഹോട്ടല്‍ മുറിയാണ് മ്യൂസിയമാക്കി മാറ്റുന്നത്. അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍ കൂടിയായ ഹോട്ടല്‍ ഉടമയാണ് പ്രിയതാരത്തിന്റെ ഓര്‍മ്മകളില്‍ മ്യൂസിയം സജ്ജീകരിച്ചത്.

കേരള സന്ദര്‍ശനത്തിനിടെ മറഡോണ രണ്ട് ദിവസം താമസിച്ച ഹോട്ടല്‍ ബ്ലൂ നൈലിലെ ഹോട്ടല്‍ മുറിയാണ് ഉടമയായ എം. രവീന്ദ്രന്‍ മ്യൂസിയമാക്കി മാറ്റിയത്. 2012 ലാണ് മറഡോണ കണ്ണൂര്‍ സന്ദര്‍ശിച്ചത്. ഹോട്ടലിലെ 309 ാം നമ്പര്‍ മുറിയിലാണ് മറഡോണ താമസിച്ചിരുന്നത്. അന്ന് അദ്ദേഹം ഉപയോഗിച്ച എല്ലാ സാധനങ്ങളും അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

മറഡോണ ഉപയോഗിച്ച സിഗററ്റ് ചുരുട്ട്, ബെഡ്ഷീറ്റ്, സോപ്പ് എന്നിങ്ങനെ എല്ലാ സാധനങ്ങളും ഫ്രെയിം ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്. മറഡോണയുടെ ഒരു വലിയ ഫോട്ടോയും മുറിയില്‍ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്. മറഡോണ സ്യൂട്ട് എന്നാണ് ഈ മുറി നേരത്തെ മുതല്‍ അറിയപ്പെട്ടിരുന്നത്. ഇവിടെ താമസിക്കാന്‍ വേണ്ടി മാത്രം മറഡോണയുടെ ആരാധകര്‍ നേരത്തെ എത്താറുണ്ടായിരുന്നുവെന്ന് രവീന്ദ്രന്‍ ഓര്‍ക്കുന്നു.

2012 ഒക്ടോബറിലാണ് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ മറഡോണ കണ്ണൂരിലെത്തിയത്. ആദ്യം ഒരു വിവിഐപി താമസിക്കാന്‍ വരുന്നുവെന്ന് മാത്രമായിരുന്നു ഹോട്ടല്‍ അധികൃതരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പിന്നീടാണ് മറഡോണയാണെന്ന് വെളിപ്പെടുത്തിയത്.

മറഡോണയ്ക്കായി പ്രത്യേക വിഭവങ്ങള്‍ ഒരുക്കാന്‍ പ്രാദേശിക രുചികള്‍ അറിയാവുന്ന പാചകക്കാരനെ ഉള്‍പ്പെടെ ഹോട്ടലില്‍ ഒരുക്കിയിരുന്നു. ഇഷ്ടതാരത്തിനൊപ്പം ചെലവഴിച്ച ദിവസങ്ങള്‍ ഇപ്പോഴും മങ്ങലേല്‍ക്കാതെ രവീന്ദ്രന്റെ മനസിലുണ്ട്. ആ ഓര്‍മ്മകളിലാണ് മുറി മ്യൂസിയമാക്കി മാറ്റാന്‍ തീരുമാനിച്ചത്.

×