ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യും ?;  മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ ?;  ഏതെങ്കിലും വിദഗ്‍ധ ഏജന്‍സിയെക്കൊണ്ട് പരിസ്ഥിതി ആഘാതപഠനം നടത്തണം ;  മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവുമായി ബന്ധപെട്ടു പ്രദേശവാസി സുപ്രീം കോടതിയിൽ 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 18, 2019

ഡൽഹി : മരടില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവുമായി ബന്ധപെട്ടു പ്രദേശവാസി സുപ്രീംകോടതിയിൽ. മരട് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പാരിസ്ഥിതിക പഠനം നടത്തണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എം ജി എന്ന വ്യക്തിയാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.

ഈ ഫ്ലാറ്റുകള്‍ സ്ഥിതി ചെയ്യുന്നത് കായലുകള്‍ക്കു സമീപമാണ്. ഇവ പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ എന്നും പരിശോധിക്കേണ്ടതുണ്ട്.

അതു കൊണ്ടു തന്നെ ഏതെങ്കിലും വിദഗ്‍ധ ഏജന്‍സിയെക്കൊണ്ട് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്നും, ഫ്ലാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും കോട്ടം വരികയാണെങ്കില്‍ അതു പരിഹരിക്കാനുള്ള ചെലവ് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും കക്ഷി ചേര്‍ത്ത് ഹര്‍ജി നല്‍കിയിട്ടുള്ളതിനാൽ മന്ത്രാലയത്തിന്‍റെ അഭിപ്രായം കൂടി കേട്ടശേഷമേ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തില്‍ എത്താവൂ എന്നും റിട്ട് ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി ഇന്നലെയാണ് കോടതി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസിന്‍റെ കോടതിയില്‍ അയോധ്യ കേസിലെ വാദം നടക്കുന്നതിനാൽ ജസ്റ്റിസ് എസ് പി രമണ്‍ അധ്യക്ഷനായ മൂന്നാം നമ്പര്‍ കോടതിയിലായിരിക്കും അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിക്കുക.

×