ഫോറസ്റ്റ് കിരാതവാഴ്ചയിൽ പൊലിഞ്ഞു വീണ ജീവൻ !

പ്രകാശ് നായര്‍ മേലില
Wednesday, August 5, 2020

പത്തനംതിട്ട: ചിറ്റാറിൽ ഒരു നിർധനകുടുംബത്തിന്‍റെഏക അത്താണിയായിരുന്ന പി.പി.മത്തായിയെന്ന യുവാവിനെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിലെടുത്തശേഷം അദ്ദേഹത്തിൻ്റെ മൃതദേഹം കുടുംബ വീട്ടിലെ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ, ബന്ധുക്കളും നാട്ടുകാരും ഇത് ഫോറസ്റ്റുകാർ നടത്തിയ കൊലപാതകമാണെന്നുതന്നെ ഉറച്ചുവിശ്വസിക്കുന്നു.

 

വനം വകുപ്പ്, വനത്തിൽ സ്ഥാപിച്ച ക്യാമറ തകർത്തെന്നും മാലിന്യം വനത്തിൽ തള്ളിയെന്നും പറഞ്ഞാണ് വനപാലകർ മത്തായിയെ കസ്റ്റഡിയിലെടുത്തത്.എന്നാൽ ഈ രണ്ടുവിഷയത്തിലും പോലീസിനാണ് അന്വേഷണാധികാരമുള്ളത്. വനപാലകർ പോലീസിലായിരുന്നു പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യേണ്ടി യിരുന്നത്.ഫോറസ്റ്റ് ഗാർഡുകൾ പോലീസ് ചമയുന്ന അവസ്ഥ വളരെ വിചിത്രമാണ്.

വനപാലകർ ഇതുപോലുള്ള നിയമ ധ്വംസനങ്ങൾ മുൻപും നടത്തിയിട്ടുണ്ട്. കാട്ടുപന്നി കുരുങ്ങിയെന്ന പേരുപറഞ്ഞ് കഴിഞ്ഞമാസം, വയനാട് സ്വദേശി ഏലിയാസെന്ന സാധുവിനെ സുൽത്താൻബത്തേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വ്യാജക്കേസിൽ പ്രതിയാക്കിയത് സത്യം ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നതാണ്.

ചിറ്റാറിൽ നിയമവിരുദ്ധമായാണ് ഡെപ്യൂട്ടി റേഞ്ചർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ വനപാലകർ മത്തായിയെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായിരിക്കുകയാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടവർതന്നെ അവരുടെ നികുതിപ്പണം ശമ്പളവും ആനുകൂല്യവുമായി കൈപ്പറ്റി ക്കൊണ്ട് അവരെ കള്ളക്കേസിൽകുടുക്കുകയും ഇല്ലായ്മചെയ്യുകയുമാണ്.

മത്തായിയുടെ കുടുംബം അനാഥമായിത്തീർന്നിരിക്കുന്നു.കുടുംബം പുലർത്തേണ്ട വ്യക്തി ഇല്ലാതായതോടെ വരുമാനം നിലച്ചു. മുന്നോട്ടുള്ള അവരുടെ ജീവിതവും വഴിമുട്ടി. ഇതിനുകാരണക്കാരായ ഡെപ്യൂട്ടി റേഞ്ചർ ഉൾപ്പെടെയുള്ള വനപാലകർക്കെതിരെ കൊലക്കേസ്‌ചുമത്തി അവരെ ജയിലിലാക്കുകയും അവരിൽനിന്ന് മതിയായ നഷ്ടപരിഹാരം ഈടാക്കി മത്തായിയുടെ കുടുംബത്തിന് നൽകുകയും വേണമെന്നാണ് പൊതു വായ ആവശ്യം.

ഇന്ന് 8 ദിവസമായിട്ടും കുടുംബത്തിന് നീതിലഭിക്കാതെ മൃതദേഹം അടക്കം ചെയ്യില്ലെന്ന നിലപാടിലാണ് മത്തായിയുടെ കുടുംബവും നാട്ടുകാർ ഒന്നടങ്കവും.മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുറ്റവാളികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്നും നിരാലംബമായ മത്തായിയുടെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും സ്ഥലം സന്ദർശിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

×