വരുമാനത്തിന് തൊഴിൽ വേണം. രാഷ്ട്രീയം സേവനമായിരിക്കണം – നാടു വിഴുങ്ങികളായ രാഷ്ട്രീയക്കാരെ ട്രോളി മാത്യു കുഴല്‍നാടന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, November 4, 2019

കൊച്ചി : സ്വന്തം പാര്‍ട്ടിയില്‍ ഉള്‍പ്പെടെ രാഷ്ട്രീയം ഉപജീവനമായി കാണുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ ട്രോളി പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാത്യു എം കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വരുമാനത്തിനായി ഒരു തൊഴില്‍കൂടി ഉണ്ടായിരിക്കണമെന്ന നിലപാട് വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന യുവ നേതാവാണ്‌ കുഴല്‍നാടന്‍.

വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനം എന്നതായിരിക്കണം പുതിയ തലമുറയുടെ സംസ്കാരമെന്നാണ് കുഴല്‍നാടന്‍റെ നയം. സ്വന്തം വരുമാനം കൊണ്ട് ജീവിക്കുന്നവനെയേ സമൂഹം ബഹുമാനിക്കൂ.

രാഷ്ട്രിയം തൊഴിലാക്കിയാൽ തൊഴിൽ സുരക്ഷിതത്വം ഓർത്ത് പല വിട്ട് വീഴ്ചയ്ക്കും രാഷ്ട്രീയക്കാര്‍ തയ്യാറാവേണ്ടി വരും. സ്വന്തമായി വരുമാനവും നിലനിൽപ്പും ഉണ്ടെങ്കിൽ നിർഭയനായി അഭിപ്രായം പറയാൻ കഴിയുമെന്നും കുഴല്‍നാടന്‍ പറയുന്നു.

കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഹോട്ടല്‍ ഉത്ഘാടനം ചെയ്ത അനുഭവം പങ്കുവച്ചാണ് കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി അതില്‍ നിന്നും വരുമാനം ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ തീരുമാനം അഭിമാനകരം ആണെന്ന് കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിനെ പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.

മാത്യു എം കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ ദിവസമാണ്‌ സുഹൃത്ത് ചാർളി തൊടുപുഴയിൽ യൂത്ത് കോൺഗ്രസ്സ് ആലക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് രെഞ്ജുവും സുഹൃത്തും ചേർന്ന് തുടങ്ങുന്ന ഹോട്ടലിന്റെ ഉൽഘാടനത്തിന് വരണം എന്നഭ്യർത്ഥിച്ചത്. സന്തോഷം തോന്നി, ഞാൻ ഏറ്റു.

വളരെ ലളിതമായ ചടങ്ങയിരുന്നു. ഉൽഘാടനം കഴിഞ്ഞു ഞങ്ങൾ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. രുചികരമായ വിഭവങ്ങൾ. തൊടുപുഴയിൽ ആലക്കോടാണ് ‘സൽക്കാരം’ എന്ന ഹോട്ടൽ. സുഹൃത്തുക്കൾ ആ വഴി പോകുമ്പോൾ കയറണം.

എന്നാൽ എന്നെ ഏറേ സന്തോഷിപ്പിച്ചത് സ്വന്തമായി ഒരു വരുമാനത്തിന് തൊഴിൽ ചെയ്യാനുള്ള രെഞ്ജു വിന്റെയും സുഹൃത്തിന്റെ യും തീരുമാനമാണ്.

#വരുമാനത്തിന്_തൊഴിൽ_രാഷ്ട്രീയം_സേവനം എന്നതായിരിക്കണം പുതിയ തലമുറയുടെ സംസ്കാരമെന്ന് ഏറെ കാലമായി പറയുന്ന ഒരു വ്യക്തിയാണ് ഞാൻ. സ്വന്തം വരുമാനം കൊണ്ട് ജീവിക്കുന്നവനേ സമൂഹം ബഹുമാനിക്കൂ. രാഷ്ട്രിയം തൊഴിലാക്കിയാൽ തൊഴിൽ സുരക്ഷിതത്വം ഓർത്ത് പല വിട്ട് വീഴ്ചയ്ക്കും നമ്മൾ തയ്യാറാവേണ്ടി വരും. സ്വന്തമായി വരുമാനവും നിലനിൽപ്പും ഉണ്ടെങ്കിൽ നിർഭയനായി അഭിപ്രായം പറയാൻ കഴിയും.

ഉൽഘാടനത്തിന് ചെന്നപ്പോ ദേ നിക്കുന്നു ഒരു തലേക്കല്ലൻ Lijo Jose Manchappillil ഞാൻ പറഞ്ഞ ക്യാറ്റഗറിയിൽ വരുന്ന ആളാണ്. വരുമാനം ഒരുപാട് കൂടിപ്പോയത് കൊണ്ട് ഒരെല്ല് കൂടുതലുണ്ട് എന്ന കുഴപ്പമേ ഉളളൂ.

രാഷ്ട്രീയത്തെ ശുദ്ധികരിക്കാൻ # വരുമാനത്തിന്_തൊഴിൽ_രാഷ്ട്രീയം_സേവനം എന്ന ഒരു പുതിയ സംസ്കാരത്തിന് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.

#വരുമാനത്തിന്_തൊഴിൽ_രാഷ്ട്രീയം_സേവനം
#യൂത്ത്_കോൺഗ്രസ്സ്

 

×