ഒരു പദവി മതിയെന്ന് കുഴല്‍നാടന്‍. കെപിസിസി ജനറല്‍സെക്രട്ടറിയായി ചുമതലയേറ്റു മിനിറ്റുകള്‍ക്കകം പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, January 27, 2020

തിരുവനന്തപുരം : നിലപാടുകൾ പറയാൻ മാത്രമുള്ളതല്ല, പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണെന്ന് ഒരിക്കല്‍കൂടി അക്ഷരം പ്രതി തെളിയിച്ച് കെപിസിസി ജനറല്‍സെക്രട്ടറി ഡോ. മാത്യു എം കുഴല്‍നാടന്‍.

കെപിസിസി ജനറല്‍സെക്രട്ടറിയായി ചുമതലയേറ്റു മിനിട്ടുകള്‍ക്കകം നിലവില്‍ ചുമതലയുണ്ടായിരുന്ന പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ടായിരുന്നു കുഴല്‍നാടന്റെ തുടക്കം.

പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവി തത്വം പാലിക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹം ആണെന്നു അടിവരയിട്ടു വ്യക്തമാക്കിയ കുഴല്‍നാടന്‍ എല്ലാ പദവികളിലേക്കും അർഹരായ ഒരുപാട് നേതാക്കൾ കോൺഗ്രസ്സിലുണ്ടെന്നും അതിനാല്‍ താനും ഒറ്റപ്പദവിയിലേയ്ക്ക് ഒതുങ്ങുകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് രാജി.

രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിനും, ദേശീയ ചെയർമാൻ ശശി തരൂരിനും കൈമാറുകയും ചെയ്തു. പ്രഫഷണൽ കോൺഗ്രസ് ചുമതലയിലിരിക്കെ രാജ്യത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംസ്ഥാന ഘടക൦ അധ്യക്ഷനായിരുന്നു മാത്യു കുഴല്‍നാടന്‍.

രാജിക്കാര്യം ഫേസ്ബുക്ക് പോസ്റ്റ്‌ വഴിയാണ് അദ്ദേഹം പുറംലോകത്തെ അറിയിച്ചത്. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ചുവടെ :

കെ.പി.സി.സി പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവി എന്ന തത്വം പാലിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി ഞാൻ കാണുന്നു. എം.എൽ.എ മാരെ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റി നിർത്തിയത് നല്ല മാതൃകയായി. ഇത് പാർട്ടിയിൽ ഒരു സംസ്കാരമായാൽ നന്നായിരിക്കും. വി ഡി സതീശനും, ടി എൻ പ്രതാപനും, എ. പി അനിൽകുമാറും കൈക്കൊണ്ട നിലപാട് ശ്ലാഘനീയമാണ്.

എല്ലാ പദവികളിലേക്കും അർഹരായ ഒരുപാട് നേതാക്കൾ കോൺഗ്രസ്സിലുണ്ട്. എന്നാൽ, അവർക്ക് നൽകാൻ കഴിയുന്നത്ര അവസരങ്ങളോ പദവികളോ ഇല്ലാ എന്നിരിക്കെ. ഏതാനും ആളുകൾ എല്ലാ പദവികളും സ്വന്തമാക്കുന്നത് അനീതിയാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ ഈ നിലപാടിനോട് പൂർണ്ണ യോജിപ്പാണ് ഉള്ളത്. മുമ്പ് ഈ നിലപാടിന് ഞാൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നിലപാടുകൾ പറയാൻ മാത്രമുള്ളതല്ലല്ലോ.. അതു കൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായ നിലക്ക്, ഞാൻ നിലവിൽ വഹിക്കുന്ന പ്രഫഷണൽ കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം രാജി വച്ച വിവരം അറിയിക്കട്ടെ.

രാജിക്കത്ത് ബഹു: കെ.പി.സി.സി പ്രസിഡന്റിനും, ദേശീയ ചെയർമാൻ ശശി തരൂരിനും ഇ മെയിൽ ആയി അയച്ച് നൽകിയിട്ടുണ്ട്.

 

 

×