/sathyam/media/post_attachments/fy29YmVGYxjYUzRUmESj.jpg)
ലഖ്നൗ: ഉത്തർപ്രദേശിലെ ബിഎസ്പി- എസ്പി മഹാസഖ്യം തകര്‍ച്ചയിലേയ്ക്ക്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാസഖ്യം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം കണ്ടില്ലെന്നും വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി തനിച്ച് മത്സരിക്കുമെന്നും പാർട്ടി അധ്യക്ഷ മായാവതി പറഞ്ഞതായാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ബിഎസ്പി നേതാക്കളുടെ യോഗത്തിലാണ് മായാവതി ഇക്കാര്യം അറിയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
തെരഞ്ഞെടുപ്പിൽ വോട്ടുകൈമാറ്റം കൃത്യമായി നടന്നില്ല. നേതാക്കളുടെ ഐക്യം താഴേത്തട്ടിലേയ്ക്ക് പ്രതിഫലിച്ചില്ല. ബിഎസ്പിയുടെ പട്ടിക വിഭാഗ വോട്ടുകള്‍ സമാജ്‍വാദി പാര്‍ട്ടിക്ക് കിട്ടിയെങ്കിലും സമാജ്‍വാദി പാര്‍ട്ടിയുടെ യാദവ വോട്ടുകള്‍ ബിഎസ്പിക്ക് ലഭിച്ചില്ല. യാദവ വോട്ടുകൾ എസ്.പിയിലേക്കാണ് പോയത്. മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് എസ്.പിക്ക് വോട്ടുകൾ കിട്ടിയത്. എസ്.പി വിട്ട അഖിലേഷ് യാദവിന്‍റെ അമ്മാവൻ ശിവപാൽ യാദവ് കാരണം യാദവ വോട്ടുകളിൽ ചോർച്ച സംഭവിച്ചുവെന്നും സ്വന്തം ഭാര്യയായ ഡിംപിൾ യാദവിനെ പോലും അഖിലേഷിന് ജയിപ്പിച്ചെടുക്കാൻ ആയില്ലെന്നും മായാവതി കുറ്റപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒത്തുചേർന്ന ബിഎസ്പി- എസ്പി- ആര്‍എല്‍ഡി സഖ്യം പ്രതീക്ഷിച്ചപോലെ ഉത്തർപ്രദേശിൽ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. ബിഎസ്പിക്ക് 10 സീറ്റും സമാജ്‍വാദി പാര്‍ട്ടിക്ക് 5 സീറ്റുമാണ് കിട്ടിയത്. ആര്‍എല്‍ഡിക്ക് ജാട്ട് വോട്ടുകള്‍ പിടിച്ചുനിര്‍ത്താനും കഴിഞ്ഞില്ല. അതേസമയം, യുപിയിലെ 80ല്‍ ബിജെപി 62 സീറ്റും സഖ്യകക്ഷിയായ അപ്നാദൾ (സോനേലാൽ) രണ്ടു സീറ്റും നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us