ഇതാണോ പ്രതിഷേധത്തിന്‍റെ ജനാധിപത്യ സംസ്കാരം ?

പ്രകാശ് നായര്‍ മേലില
Tuesday, August 11, 2020

സ്ത്രീകളുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ വ്യക്തിഹത്യ നടത്തുന്നതും അവരുടെ സ്വകാര്യജീവിത ത്തെപ്പോലും അധിക്ഷേപിക്കുന്നതും ആരായാലും ഏതു പ്രസ്ഥാനമായാലും അതവരുടെ നിലവാരത്തകർച്ചയാണ്‌ സൂചിപ്പിക്കുന്നത്.

മാധ്യമങ്ങളുടെ ജോലി ചോദ്യങ്ങൾ ചോദിക്കലാണ്. ജനങ്ങളുടെ ഭാഗത്തുനിന്നാണ് അവർ ചോദ്യങ്ങൾ ചോദിക്കുന്നത്. സാമൂഹികപ്രതിബദ്ധതയിലടങ്ങിയ മാധ്യമ ധർമ്മമാണത്. വ്യക്തമായ ഉത്തരം നല്കാനില്ലാത്തവരാണ് വ്യക്തിഹത്യക്കു മുതിരുന്നത്. മാധ്യമ സ്വാതന്ത്ര്യം വിലക്കിയിട്ടുള്ളത് ഏകാധിപതികൾ നാടുവാഴുന്ന രാജ്യങ്ങളിൽ മാത്രമാണ്. അവരുടെ ഔദ്യോഗിക ജിഹ്വകൾ മാത്രമാണ് അറിവുകൾക്കുള്ള ആധാരം. ജാനാധിപത്യ സംവിധാനത്തിൽ ഭരണസൗധത്തിന്റെ നാലാം സ്തംഭമാണ് മാധ്യമങ്ങൾ.

മാധ്യമങ്ങൾ ഒരു നേതാവിന്റെയോ വ്യക്തിയുടെയോ അടിമകളോ ഫാൻസുകളോ അല്ല.ചിലർ അങ്ങനെ കണ്ടേക്കാം എന്നാൽ എല്ലാവരും അങ്ങനെയല്ല.അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ ലോകത്ത് നടന്ന പല അഴിമതികളും വെളിച്ചതുകൊണ്ടുവന്നത് മാധ്യമങ്ങളാണ്. ബൊഫോഴ്‌സ് ഉൾപ്പെടെ.അത്തരം പത്രപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി, അഴിമതിക്കെതിരേയുള്ള അന്താരാഷ്ട്ര സംഘടനയായ ട്രാൻസ്പേരൻസി ഇന്റർനാഷണൽ, അവാർഡും ക്യാഷ് പ്രൈസും വരെ നൽകാറുണ്ട്.

ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ‘നാവടക്കൂ പണിയെടുക്കൂ’ എന്ന് കൽപ്പിച്ച അടിയന്തരാവസ്ഥയുടെ തിക്താനുഭവങ്ങൾ ഓർക്കാൻപോലും ഇഷ്ടപ്പെടാത്തവരാണ് ഇന്നുജീവിച്ചിരിക്കുന്ന പല മുതിർന്ന നേതാ ക്കളും. മാധ്യമങ്ങളുടെ നാവടപ്പിച്ച ആ നാളുകളെ ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത അദ്ധ്യായമെന്നാണ് വിദേശമാധ്യമങ്ങൾ വരെ വിശേഷിപ്പിച്ചത്.

മാധ്യമങ്ങൾ എന്ത് ചോദിക്കണം, എന്ത് ചോദിയ്ക്കാൻ പാടില്ല എന്ന് നിഷ്ക്കർഷിക്കേണ്ടത് രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ അല്ല. ഉത്തരം പറയാനും ഒഴിഞ്ഞുമാറാനും അവർക്കും സ്വാതന്ത്ര്യമുണ്ട്.ഇതെല്ലാം ജനങ്ങളാണ് നോക്കിക്കാണുന്നതും വിധികല്പിക്കുന്നതും.

സ്ത്രീകളുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അവരുടെ സ്വകാര്യ ജീവിതത്തെ വരെ അപഹസിക്കുകയും ചെയ്യുന്നവർ, സത്യത്തിൽ അവർ നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ അന്തഃസ്സത്തയും വിശ്വസ്യതയുമാണ് ഇല്ലായ്മചെയ്യുന്നതെന്ന യാഥാർഥ്യം ആ രാഷ്ട്രീയ നേതൃത്വങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം.

×