തിരുവനന്തപുരം : എൻഎസ്എസിന്റെ ശരിദൂരം അപകടമുണ്ടാക്കിയെന്നു താൻ പറഞ്ഞത് തെറ്റായി പ്രചരിച്ചെന്നും സമുദായ സംഘടനകളോട് ആദരമാണു തനിക്കുള്ളതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഖേദിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എൻഎസ്എസ് അയച്ച കത്തു ഓഫിസിൽ കിട്ടിയിട്ടുണ്ട്. അത് വക്കീൽ നോട്ടിസ് ആണോ എന്നറിയില്ല. 32 വർഷമായി താൻ കേരളത്തിൽ പ്രവർത്തിക്കുന്നു. എല്ലാ സംഘടനകളെയും ബഹുമാനിക്കുന്നയാളാണ്.
/sathyam/media/post_attachments/xggZFLvTbP69w4PX6JQj.jpg)
തിരഞ്ഞെടുപ്പിന്റെ സന്ദർഭത്തിലാണ് എൻഎസ്എസിനെപ്പറ്റി പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ അതിനെക്കുറിച്ച് ഇനി പറയുന്നില്ല. തന്റെ പ്രസ്താവന സംഘടനയ്ക്ക് എതിരാണെന്ന് എങ്ങനെ വ്യാഖ്യാനിച്ചു എന്നറിയില്ല.
ഈ വിഷയത്തിൽ പ്രസ്താവനയുമായി എൻഎസ്എസ് മുന്നോട്ടു പോയാൽ അപ്പോൾ മറുപടി പറയാം. യുഡിഎഫിനു വോട്ടു ചെയ്യാൻ എൻഎസ്എസ് ആഹ്വാനം െചയ്തെന്നു കാട്ടി 3 പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് അന്വേഷിച്ച് വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മീണ പറഞ്ഞു.
എറണാകുളത്ത് വോട്ടു ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നെങ്കിൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യണമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനല്ല ഇക്കാര്യം തീരുമാനിക്കുന്നത്. മഴ രാവിലെ ആശങ്ക ഉണ്ടാക്കിയെങ്കിലും ഉച്ചയ്ക്കുശേഷം കുറഞ്ഞു. വോട്ടെടുപ്പ് മാറ്റിയാലും മഴ ആവർത്തിക്കാം. എങ്കിൽ നാളെ വോട്ടെണ്ണൽ നടക്കില്ല. എല്ലാവർക്കും വോട്ടു ചെയ്യാൻ അവസരം നൽകാനാണ് വൈകിട്ട് 6ന് ക്യൂവിലുള്ളവർക്കും വോട്ടുചെയ്യാൻ അനുമതി നൽകിയതെന്നും മീണ പറഞ്ഞു.