മിനച്ചില്‍ പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ 10 സീറ്റുകളില്‍ വരെ… ബിജെപി 6 വാര്‍ഡുകളും യുഡിഎഫ് 5 സീറ്റുകളും അവകാശപ്പെടുന്നു – തീപാറുന്ന പോരാട്ടങ്ങള്‍ക്കിടെ മുന്നണികളുടെ പ്രതീക്ഷകളും അവകാശവാദങ്ങളും ഇങ്ങനെ !

ന്യൂസ് ബ്യൂറോ, പാലാ
Wednesday, December 2, 2020

പാലാ: മീനച്ചില്‍ പഞ്ചായത്തില്‍ മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് അതിരുകളില്ല. എല്ലാവരുംകൂടി അവകാശപ്പെടുന്ന സീറ്റുകള്‍ ഒപ്പിക്കണമെങ്കില്‍ തൊട്ടടുത്ത എലിക്കുളത്തെ പഞ്ചായത്തുകൂടി ഒപ്പം കൂട്ടേണ്ടിവരും !

എങ്കിലും ഒരു കാര്യം വ്യക്തമാണ്. പഞ്ചായത്തില്‍ ഇടത് തേരോട്ടം വ്യക്തമാണ്. 8 മുതല്‍ 10 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ. അതില്‍ത്തന്നെ 6, 7, 8, 10, 11, 12, 13 എന്നീ വാര്‍ഡ‍ുകളില്‍ ഇതിനോടകം ഇടതുപക്ഷം പ്രചരണ രംഗത്ത് വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ട്. 2, 3, 5 വാര്‍ഡുകളിലും ഇടതുപക്ഷം പ്രതീക്ഷ അര്‍പ്പിക്കുന്നു.

നിലവില്‍ പഞ്ചായത്തിലെ രണ്ടാമത് കക്ഷി ബിജെപിയാണ്. പുതിയ ഭരണസമിതിയില്‍ അതേ മേല്‍ക്കൈ അവര്‍ക്കു ലഭിക്കുമോയെന്ന് കണ്ടറിയണം. നിലവില്‍ 6 വാര്‍ഡുകളില്‍ വരെയാണ് ബിജെപിയുടെ പ്രതീക്ഷ. മൂന്നാം വാര്‍‍ഡില്‍ ഇതിനോടകം ബിജെപിയ്ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. 1, 2, 3, 5, 12, 13 വാര്‍ഡുകളിലാണ് ബിജെപി മേല്‍ക്കൈ അവകാശപ്പെടുന്നത്.

ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ തപ്പി പരക്കം പായുകയായിരുന്നെങ്കിലും യുഡിഎഫിന് ഇപ്പോള്‍ പ്രതീക്ഷയ്ക്ക് ഒരു കുറവുമില്ല. 5 സീറ്റുകള്‍ വരെ തങ്ങള്‍ക്ക് ലഭിച്ചേക്കാമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. 4, 9 വാര്‍ഡുകളില്‍ ഇതിനോടകം യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുണ്ട്. കൈപ്പത്തി ചിഹ്നത്തില്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി മത്സരിക്കുന്ന 3 -ഉം, 4, 5, 9, 10 വാര്‍ഡുകളുമാണ് യുഡിഎഫിന്‍റെ പ്രതീക്ഷയിലുള്ളത്.

അതില്‍ മീനച്ചില്‍ പഞ്ചായത്തിലെ ഇടമറ്റത്തെ രണ്ട് വാര്‍ഡുകളും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. ഇടമറ്റത്ത് ഉള്‍പ്പെടുന്ന 3, 9 വാര്‍ഡുകളില്‍ ഇടതുപക്ഷത്തിന് സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍ പാളിച്ച സംഭവിച്ചതായി ഇടതുപക്ഷ നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ഇടമറ്റത്തെ ജാതി-മത-രാഷ്ട്രീയ സമ വാക്യങ്ങള്‍ക്ക് നേരേ ഘടക വിരുദ്ധമായാണ് എല്‍ഡിഎഫിന്‍റെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും നടന്നതെന്നാണ് വിമര്‍ശനം. എല്‍ഡിഎഫില്‍ രണ്ടു വാര്‍ഡുകളും സിപിഐയുടെ പ്രതിനിധികളാണ് മത്സരിക്കുന്നത്.

എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മുമാണ് ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. ഈ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് പാനലില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രതീക്ഷ.

യുഡിഎഫില്‍ ജോസഫ് വിഭാഗം 4 സീറ്റുകളിലും ജോസ് വിഭാഗത്തില്‍നിന്നും വിട്ടുപോയ വിമതര്‍ 3 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഒരിടത്ത് പൊതുസ്വതന്ത്രനും. 4 സീറ്റുകളിലാണ് കോണ്‍ഗ്രസും മത്സരിക്കുന്നത്.

പ്രമുഖ പാര്‍ട്ടികളുടെ പഞ്ചായത്ത് മേഖലയില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ മത്സരരംഗത്തുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

മൂന്നാം വാര്‍ഡില്‍ ബിജെപി ജില്ലാ കമ്മറ്റിയംഗം ബിജു സി.ബിയും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജോഷി ജോസഫ് നെല്ലിക്കുന്നേലും സിപിഐ ലോക്കല്‍ സെക്രട്ടറി ബിജു തുണ്ടിയിലും പരസ്പരം ഏറ്റുമുട്ടുകയാണ്.

അഞ്ചാം വാര്‍ഡില്‍ സിപിഎം ഏരിയാ കമ്മറ്റിയംഗം ജോയി കുഴിപ്പാല മത്സരിക്കുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക് മെമ്പറുമായിരുന്ന മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് സി.വി ജോണിന്‍റെ ഭാര്യ ഓമന ജോണ്‍ രണ്ടാം വാര്‍ഡില്‍ ജനവിധി തേടുന്നു.

മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് റെനി ബിജോയ് ഈറ്റത്തോട് പത്താം വാര്‍ഡിലും രണ്ടു തവണ മെമ്പറായിരുന്ന കേരള കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം സെക്രട്ടറി സാജോ പൂവത്താനി 11-ാം വാര്‍ഡിലും മത്സരിക്കുന്നു.

 

×