വയലാർ രാമവർമ്മയുടെ മാനം കെടുത്തിയോ വയലാർ ട്രസ്റ്റ് എന്ന സംശയം വായനക്കാരിൽ ഉയർന്നാലും അതിശയിക്കാനില്ല. ഇത്തവണത്തെ വയലാർ അവാർഡ് എസ്. ഹരീഷ് എഴുതിയ മീശ എന്ന നോവലിന് ആണ് ലഭിച്ചിരിക്കുന്നത്. വയലാർ ട്രസ്റ്റ് വയലാർ രാമവർമ്മയുടെ പേര് വ്യഭിചരിച്ചിരിക്കുകയാണ് എന്ന് പറയേണ്ടിവരും.
വയലാർ അവാർഡ് വളരെ സുതാര്യമാണെന്നാണ് ഇതിന്റെ ഭാരവാഹികൾ അവകാശപ്പെടുന്നത്. ഇത് തികച്ചും പൊള്ളത്തരമാണ്. ഇതിന്റെ ഭാരവാഹികളും പ്രമുഖ പ്രസാധകരും ചേർന്നാണ് അവാർഡ് നിശ്ചയിക്കുന്നത്.
പ്രധാനമായും അന്തരിച്ച ത്രിവിക്രമന്റെ മകളുടെ ഭർത്താവ് സതീശ് ,
പ്രൊഫ.ജി.ബാലചന്ദ്രൻ , പ്രഭാവർമ്മ, പെരുമ്പടവം ശ്രീധരൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഇവർ കാണിക്കുന്ന പ്രവൃത്തികളിൽ മനം നൊന്താണ് പ്രൊഫ.എം.കെ.സാനു വയലാർ ട്രസ്റ്റിന്റെ അധ്യക്ഷ പദം ഒഴിഞ്ഞത്.
ഡോ.ജോർജ് ഓണക്കൂർ , ശ്രീകുമാരൻ തമ്പി മുതലായ പ്രഗത്ഭർക്ക് ഇതുവരേയും വയലാർ അവാർഡ് കിട്ടിയിട്ടില്ല എന്ന് പറയുമ്പോൾ ഇതിന്റെ സുതാര്യത മനസ്സിലാകും.
ട്രസ്റ്റിലെ ഭാരവാഹികൾക്ക് മുൻകൂട്ടി ഒന്നും അറിയില്ല എന്നാണ് അവരുടെ അവകാശവാദം. ആദ്യം കുറെ ആളുകളെ തിരഞ്ഞെടുത്ത് അഭിപ്രായം തേടുന്നു. പിന്നീട് അതിൽ നിന്നും 20 പേരെ തിരഞ്ഞെടുക്കുന്നു. അവരുടെ അഭിപ്രായം ജഡ്ജസിന് നൽകുന്നു.
അതിൽ നിന്ന് അതീവ രഹസ്യമായി ജഡ്ജിങ് പാനൽ ജേതാവിനെ തിരഞ്ഞെടുക്കുന്നു. ഇതൊക്കെയാണ് അവകാശവാദം. ഇത് ശുദ്ധ അസംബന്ധമാണ്.
അവാർഡ് പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ഒരു പ്രശസ്ത സാഹിത്യകാരൻ സ്വകാര്യ സംഭാഷണത്തിൽ അവാർഡ് മീശയ്ക്കായിരിക്കും എന്ന് സൂചിപ്പിക്കുകയുണ്ടായി.
സി.പി.ഐയുടെ ഒരു പ്രസ്ഥാനമാണ് വയലാർ ട്രസ്റ്റ് . സർക്കാർ ഒരു വർഷം 5 ലക്ഷം രൂപ ഗ്രാന്റ് നൽകുന്നുണ്ട് ട്രസ്റ്റിന് . ഈ പണം എവിടെ പോകുന്നു എന്ന് ആർക്കുമറിയില്ല. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. പുരസ്ക്കാരത്തുകയും പുരസ്ക്കാര ദാന ചടങ്ങിന്റെ ചിലവും പ്രമുഖ പ്രസാധക ഗ്രൂപ്പ് ആണ് വഹിക്കുന്നത് എന്നതാണ് പിന്നാമ്പുറ സംസാരം.
സർക്കാർ നൽകുന്ന തുക എന്ത് ചെയ്യുന്നുവെന്ന് ആർക്കും അറിയില്ല , ആരും ചോദിക്കുന്നുമില്ല. ട്രസ്റ്റ് ആയത് കൊണ്ട് ഓഡിറ്റിങ് നടത്തി ചിലവ് പുറത്ത് വിടുന്നതുമില്ല.
അതായത് മറ്റൊരു തട്ടിപ്പാണ് വയലാർ ട്രസ്റ്റ് . ഹരീഷിന്റെ മീശ ഒരു തറ നോവലാണ് എന്ന പൊതുവിമർശനം നേരത്തെ ഉയർന്നതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നു കൊണ്ടിരുന്ന ഈ നോവൽ ഇടയ്ക്ക് നിർത്തേണ്ടി വന്ന കഥ എല്ലാവർക്കും അറിയാം.
വിശ്വാസികളായ ഹൈന്ദവരെ മൊത്തമായി അധിക്ഷേപിക്കുന്ന മീശയ്ക്ക് അവാർഡ് കൊടുത്തത് വഴി ട്രസ്റ്റ് വയലാർ രാമവർമ്മയുടെ മുഖത്ത് കരിവാരി തേച്ചിരിക്കുകയാണ്. മഹാനായ കവിയുടെ പേരിലുള്ള ഈ തട്ടിപ്പ് അവാർഡ് നിർത്തലാക്കി വയലാർ ട്രസ്റ്റ് പിരിച്ചു വിടേണ്ടത് കാലത്തിന്റെ അനിവാര്യത ആണ്.