കൊട്ടാരക്കരയിലെ മേലിലയിലും അങ്ങ് യൂറോപ്പിലെ മേലിലയിലും തമ്മില്‍ ഒരു സാമ്യമുണ്ട്. രണ്ടിടത്തും ഭരിക്കുന്നത് ഇടതുപക്ഷമാണ്…

പ്രകാശ് നായര്‍ മേലില
Thursday, October 29, 2020

ഇത് എൻ്റെ ജന്മനാടായ മേലിലയല്ല, അങ്ങകലെ യൂറോപ്പിലെ വളരെ പ്രസിദ്ധമായ ഒരു തുറമുഖന ഗരമാണ്. Melilla എന്നാണ് പേര് എഴുതുന്നതെങ്കിലും അവർ ഉച്ചരിക്കുന്നത് മേലില എന്നുതന്നെയാണ്.

ഇവിടെ മേലില പഞ്ചയാത്തു പോലെ ഭരണം കയ്യാളുന്നത് അവിടെയും ഇടതുപക്ഷത്തിനാ ണെന്നതൊഴിച്ചാൽ മറ്റു സമാനതകളൊന്നും രണ്ടു മേലിലകളും തമ്മിലില്ല.കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന മേലില ഗ്രാമപഞ്ചായത്ത് ഇന്നും ഗ്രാമീണ സൗന്ദര്യത്തിന്റെ പ്രതീകമാണ്.

ഇവിടെ മേലില പഞ്ചായത്ത് ഭരണം സിപിഎം മുന്നണി നേതൃത്വത്തിനാണെങ്കിൽ അവിടെയും 25 അംഗ സ്പെയിനിന്റെ മേലില അസ്സംബ്ലിയിൽ CPM (Coalition Parties of Melilla) നേതൃത്വമുള്ള ഇടതുപക്ഷസഖ്യമാണ് ഭരണം കയ്യാളുന്നത്.

ഇനിയുള്ള വിവരങ്ങൾ സ്‌പെയിൻ അധീനത യിലുള്ള മേലിലയെ (MELILLA) പ്പറ്റിമാത്രമാണ് :

മൊറോക്കോ സമുദ്രാതിർത്തിയിലുള്ള സമ്പന്ന തുറമുഖനഗരമായ മേലില, സ്‌പെയിനിന്റെ അധീനതയിലുള്ള സ്വയംഭരണാധികാര പ്രദേശമാണ്.

ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ സ്വർഗ്ഗഭൂമിയാണ് മേലില പട്ടണം. ജനസംഖ്യ 86,000 മാത്രം. ലാറ്റിൻ ഭാഷയിൽ മേലിലയുടെ അർഥം ‘തേൻ’ എന്നാണ്. എന്നാൽ റോമൻ രീതിയിൽ ഇതിന് ‘വെളുപ്പാർന്നത്’ എന്നും അർത്ഥമുണ്ട്.

ടെക്സ്റ്റൈൽ, തുകൽവ്യവസായം, കാർഷികായുധ നിർമ്മാണങ്ങൾ, മത്സ്യബന്ധനം, ടൂറിസം എന്നിവയാണ് മേലില യുടെ പ്രധാന വരുമാന മാർഗ്ഗങ്ങൾ.

ഇവിടുത്തെ തുറമുഖം ഒരു ഫ്രീ പോർട്ടാണ്. ഇറക്കുമതിക്ക് നികുതിയില്ല. അതുകൊണ്ടുതന്നെ വിദേശ വസ്തുക്കളും ഒപ്പം കള്ളക്കടത്തും വ്യാപകവുമാണ്.

1956 ൽ മൊറോക്കയിൽ നിന്നും സ്‌പെയിൻ പിടിച്ചെടുക്കുകയും 1995 ൽ സ്വയംഭരണാവകാശം നൽകപ്പെടുകയും ചെയ്ത പ്രദേശമാണ് മേലില എന്ന തുറമുഖ പട്ടണം.

കുടിയേറ്റങ്ങൾ ഏറ്റവും വലിയ തലവേദനയാണ്. അത് തടയാനായി മൊറോക്കയുമായുള്ള മേലിലയുടെ അതിർത്തി പങ്കിടുന്നിടത്ത് ഇരട്ട ഫെൻസിംഗിൽ വമ്പൻ വേലിയാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെങ്കിലും അതുകൊണ്ടും ഒരു രക്ഷയുമില്ല.

ജീവൻ പണയം വച്ച് ആ വലിയ വേലി ചാടി കടക്കുന്നവരും അതുവഴി അപകടത്തിൽ കൊല്ലപ്പെടുന്നവരും കുറവല്ല.

1956 ൽ മൊറോക്കയിൽ നിന്നും സ്‌പെയിൻ പിടിച്ചെടുക്കുകയും 1995 ൽ സ്വയംഭരണാവകാശം നൽകപ്പെടുകയും ചെയ്ത പ്രദേശമാണ് മേലില എന്ന തുറമുഖ പട്ടണം.

12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മേലിലയുടെ ജനസംഖ്യയിൽ ഭൂരിഭാഗവും റോമൻ കത്തോലിക്കാ വിഭാഗക്കാരാണ്. മുസ്‌ലിം, ഹിന്ദു, ബുദ്ധ മതവിഭാഗങ്ങളാണ് മറ്റുള്ളവർ.

25 അംഗ അസംബ്ലിയുടെ മേയർ പ്രസിഡണ്ടാണ് ഭരണത്തലവൻ.ഇപ്പോഴത്തെ മേയർ പ്രസിഡണ്ട് Eduardo de Castro ഇടതുപക്ഷ അനുഭാവിയാണ്‌.

(ഇവിടെ നൽകിയിരിക്കുന്ന ആദ്യചിത്രം എൻ്റെ ജന്മദേശമായ മേലിലയിലെ വഴിയമ്പലം ജംഗ്ഷനാണ്. ഗതകാലസ്മരണകളുണർത്തുന്ന ആ പഴയ മേടക്കട ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നുണ്ട്. മറ്റു ചിത്രങ്ങളെല്ലാം സ്‌പെയിൻ അധീനതയിലുള്ള മേലിലയുടേതാണ്).

 

 

×