ചെണ്ടയിൽ മത്സരിച്ച് വിജയിച്ചവരെല്ലാം സ്വതന്ത്രർ മാത്രം ! ജോസഫ് – പിസി ലയനത്തോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗം ഇല്ലാതെയായി ! ത്രിതല പഞ്ചായത്തംഗങ്ങൾക്ക് ഇനി വിപ്പ് ബാധകമല്ല. ആടി നിൽക്കുന്ന നേതാക്കൾ മറുകണ്ടം ചാടാൻ സാധ്യത. ജോസഫും കോൺഗ്രസും ചേർന്നു ഭരിക്കുന്ന പല ത്രിതല സ്ഥാപനങ്ങളും പ്രതിസന്ധിയിലേക്ക് ! തോമസ്- ജോസഫ് ലയനം തലവേദനയാകുന്നത് കോൺഗ്രസിന് തന്നെ !

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, March 19, 2021

കോട്ടയം: കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗം പിസി തോമസ് ചെയർമാനായ കേരളാ കോൺഗ്രസിൽ ലയിച്ചതോടെ യുഡിഎഫിന് പ്രതിസന്ധി. യുഡിഎഫിൻ്റെ ഭാഗമായി നിന്ന് ത്രിതല പഞ്ചായത്തിലേക്ക് വിജയിച്ച പിജെ ജോസഫ് വിഭാഗത്തിലെ പ്രതിനിധികൾക്ക് ഇനി പൂർണമായും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിന് തടസമില്ലാതായി. ഇതു പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണമാറ്റത്തിനും ഇടയാക്കും.

തദ്ദേശ തെരഞ്ഞെടുപ്പിൽ പിജെ ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തിലാണ് മത്സരിച്ചത്. ഒരു വിഭാഗം സ്വതന്ത്രർ ഒന്നിച്ചു മത്സരിച്ചതിനാൽ വിപ്പും അയോഗ്യതയും ഇവർക്ക് ബാധകമാകുമായിരുന്നു. പല തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പിന് ശേഷം ജോസഫ് വിഭാഗത്തിലെ പ്രതിനിധികൾ യുഡിഎഫിനൊപ്പം നിന്നത് ഈ പേടികൊണ്ടു തന്നെയായിരുന്നു.

എന്നാൽ പിസി തോമസ് വിഭാഗവുമായുള്ള ലയനത്തോടെ കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗം ഇല്ലാതെയായി. ഇതോടെ നിലവിൽ ചെണ്ട ചിഹ്നത്തിൽ വിജയിച്ച എല്ലാവർക്കും സ്വതന്ത്ര നിലപാടും സ്വീകരിക്കാൻ കഴിയും. പാർട്ടിയുടെ കെട്ടുറപ്പ് ഇല്ലാതായതോടെ പല പ്രാദേശിക നേതാക്കളും വിലപേശലുമായി എത്തിയേക്കും.

കോട്ടയം, ഇടുക്കി ജില്ലകളിൽ യുഡിഎഫ് ഭരിക്കുന്ന തദേശ സ്ഥാപനങ്ങൾക്കാണ് പ്രതിസന്ധി ഏറെ ഉണ്ടാകുക. ഇപ്പോൾ തന്നെ കോൺഗ്രസ് – കേരളാ കോൺഗ്രസ് സഖ്യം ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളിലും ഇരു വിഭാഗവും തമ്മിൽ തർക്കം രൂക്ഷമാണ്. ഇവിടങ്ങളിൽ ജോസഫ് വിഭാഗം സ്വതന്ത്ര നിലപാട് കൂടി സ്വീകരിച്ചാൽ ഭരണം അട്ടിമറിക്കപ്പെടും. ഈ ആശങ്കയും യുഡിഎഫിനുണ്ട്.

നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പേ ഇതേ ആശങ്ക പല കോൺഗ്രസ് നേതാക്കളും പങ്കുവച്ചിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ അന്നത് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഈ ആശങ്ക കോൺഗ്രസ് നേതാക്കളുടെ ചങ്കിടിപ്പ് കൂട്ടുകയാണ്.

×