ചെല്ലാനത്തുകാർക്ക് പൊതിച്ചോറിൽ കരുതിവച്ച സ്‌നേഹം; ആ നൂറ് രൂപയുടെ ഉടമ ഇവിടെയുണ്ട് , കുമ്പളങ്ങിക്കാരി മേരി

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, August 11, 2020

കൊച്ചി: ചെല്ലാനത്ത് കടൽ കെടുതിയിലായവർക്കായി പൊതിച്ചോറിൽ നൂറു രൂപവച്ചത് കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യൻ. ‘തണുപ്പല്ലേ, എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ടു ദിവസം ചായകുടിക്കാൻ ഇത് ഇതിരിക്കട്ടെ എന്നു മാത്രമാണ് കരുതിയത്.’- എന്ന് മേരി പറയുന്നു.

‘ഇത് ആരെയും അറിയിക്കാതെ വേണമെന്നു കരുതിയെങ്കിലും ഇപ്പോ എല്ലാവരും അറിഞ്ഞു. സിഐ സാറ് വന്നു സമ്മാനം നൽകി. സംഗതി വാർത്തയായതോടെ പള്ളികളിൽ നിന്ന് ഒരുപാട് അച്ചൻമാർ വിളിച്ചു.

തണുപ്പുകാലമായാൽ ഞാൻ ഇടയ്ക്ക് ഓരോ ചായ കുടിക്കും. കുമ്പളങ്ങിയിൽ ദുരിതത്തിലുള്ള ഒരാൾക്കെങ്കിലും ചായകുടിക്കാൻ സഹായകമാകുമല്ലോ, ചോറ് പൊതി കെട്ടിക്കഴിഞ്ഞപ്പോൾ മോനോടു പറഞ്ഞു ഒരു കപ്പലണ്ടി വാങ്ങാൻ. അതിലെ കപ്പലണ്ടി എടുത്ത ശേഷം നൂറു രൂപ വച്ച് സെല്ലോടേപ്പ് ഒട്ടിച്ചാണ് ചോറിനൊപ്പം വച്ചത്. അല്ലെങ്കിൽ നനവ് പടർന്നാലോ?

തൊഴിലുറപ്പിലൂടെ ലഭിച്ച നൂറ് രൂപയാണ് മേരി സെബാസ്റ്റ്യൻ പൊതിച്ചോറിൽ കരുതലായി വച്ചത്. ഭക്ഷണ പൊതി ലഭിക്കുന്ന ആൾക്ക് ഉപകരിക്കുമെന്ന് കരുതിയാണ് നൂറ് രൂപ വച്ചതെന്ന് മേരി സെബാസ്റ്റ്യൻ പറഞ്ഞു. മറ്റൊന്നും മനസിൽ കരുതിയില്ലെന്നും മേരി സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.

×