കൊവിഡ് വിട്ടൊഴിഞ്ഞാലും ഫുട്‍ബോൾ പഴയതുപോലെ ആകില്ലെന്ന് മെസി

സ്പോര്‍ട്സ് ഡസ്ക്
Tuesday, June 2, 2020

കൊവിഡ് 19 വൈറസ് വിട്ടൊഴിഞ്ഞാലും ഫുട്‍ബോൾ പഴയതുപോലെ ആകില്ലെന്നാണ് ബാഴ്‌സലോണയുടെയും അർജന്റീനൻ ദേശീയ ടീമിന്റെയും നായകനായ ലയണൽ മെസി കരുതുന്നത്. ജീവിതം പോലെ തന്നെ ഫുട്ബോളിലും മാറ്റങ്ങൾ സംഭവിക്കുമെന്ന് മെസി കരുതുന്നു.

“ഇതിന് ശേഷം ലോകം എങ്ങനെയായിരിക്കും എന്ന സംശയത്തിലാണ് നമ്മൾ പലരും. ഈ രോഗത്തെ തടയുകയാണെങ്കിൽ തന്നെയും പലരുടെയും ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പലർക്കും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടിട്ടുണ്ട്,” മെസി പറഞ്ഞതായി എൽ പൈസ്‌ റിപ്പോർട്ട് ചെയ്തു.

കൊറോണ പലരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. എന്നാൽ ഏറ്റവും ഒറ്റവരെ നഷ്ടപ്പെടുക എന്നത്തിലും നിരാശാജനകമായൊരു കാര്യം വേറെയില്ല. വലിയൊരു അന്യായമാണ് അതെന്നാണ് തനിക്ക് തോന്നുന്നതെന്ന് മെസി പറഞ്ഞു.

ലാ ലിഗ അടക്കമുള്ള പ്രൊഫഷണൽ ഫുട്‍ബോൾ മത്സരങ്ങൾ ആരംഭക്കാനിരിക്കുകയാണ്. കൊറോണ വൈറസ് പോലൊരു വിപത്ത് മുന്നിൽ നിൽക്കുമ്പോൾ ഫുട്‍ബോളിന് അമിത പ്രാധാന്യം നൽകുന്നത് ആപത്താണെന്നും ബാഴ്‌സലോണ നായകൻ വിശ്വസിക്കുന്നു.

രാജ്യങ്ങൾ പ്രൊഫഷണൽ ഫുട്‍ബോൾ മത്സരങ്ങൾ പുനരാരംഭിക്കുമെന്ന് അറിയിച്ചപ്പോൾ പല താരങ്ങളും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വാറ്റ്ഫോഡിന്റെ നായകൻ ട്രോയ് ഡീനി അടക്കുമുള്ള താരങ്ങൾ ഈയൊരു സാഹചര്യത്തിൽ കളിക്കില്ല എന്നറിയിച്ച് മുന്നോട്ടുവന്നിരുന്നു. ചെൽസിയുടെ ഫ്രഞ്ച് മിഡ്ഫീൽഡർ കാന്റെയും മത്സരത്തിൽ നിന്നും പരിശീലനത്തിൽ നിന്നും വിട്ടുനിൽക്കുന്നതായി അറിയിച്ചിരുന്നു.

×