മെസ്സി ബാർസിലോന വിടുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം വൈകില്ല; മെസ്സിയുടെ പിതാവും ബാർസയുമായി നാളെ ചർച്ച 

സ്പോര്‍ട്സ് ഡസ്ക്
Wednesday, September 2, 2020

അർജന്റീന താരം ലയണൽ മെസ്സി സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന വിടുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം വൈകില്ല. താരത്തിന്റെ പിതാവും ഏജന്റുമായ ജോർജിയും ബാർസ അധികൃതരുമായി നാളെ നടക്കുന്ന ചർച്ചയിൽ കാര്യങ്ങൾക്ക് അന്തിമരൂപമാകുമെന്നു സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മെസ്സിയെ പോകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണു ബാർസ. എന്നാൽ, തന്നെ ഇനി ബാർസ താരമായി പരിഗണിക്കേണ്ടതില്ലെന്ന സൂചന നൽകിയ മെസ്സി ക്ലബ്ബിന്റെ തിങ്കളാഴ്ച ആരംഭിച്ച പരിശീലനവും ബഹിഷ്കരിച്ചു. മെസ്സിയുടെ നിലപാടിനെ അനുകൂലിച്ചോ എതിർത്തോ ബാർസിലോനയിലെ മറ്റു താരങ്ങളാരും രംഗത്തു വരാത്തതും ശ്രദ്ധേയമാണ്.

അതിനിടെ, പുതിയ കോച്ച് റൊണാൾഡ് കൂമാന്റെ ടീമിൽ ഇടമുണ്ടാകില്ലെന്ന് ഉറപ്പായ ചിലെ താരം അർതുറോ വിദാൽ മറ്റു ക്ലബ്ബുകളിലേക്കു ട്രാൻസ്ഫറിനു ശ്രമം തുടങ്ങി.

×