Advertisment

ഇന്ത്യയുടെ സൂര്യദൗത്യം ലോകചരിത്രമായി മാറും. സൂര്യനിൽ നിന്നുള്ള അമിത ഊർജ്ജവും ഭൂമിയെ വിഴുങ്ങുന്ന സൗരവാതങ്ങളും മുൻകൂട്ടി കണ്ടെത്തി ലോകത്തെ രക്ഷിക്കുക ദൗത്യം. ഗവേഷകർക്ക് അപകടവിവരം മുൻകൂട്ടിയറിഞ്ഞ് പ്രതിരോധം തീർക്കാനാവും. മറ്റു രാജ്യങ്ങൾ സ്വന്തം കാര്യം നോക്കിയപ്പോൾ, ആദിത്യ എൽ-1 ശ്രമിക്കുന്നത് ഭൂമിയുടെ സുരക്ഷയ്ക്ക്. ബഹിരാകാശ ഗവേഷണത്തിലെ നായകപദം ഏറ്റെടുത്ത് ഇന്ത്യ

സൂര്യനിലുണ്ടാകുന്ന അളവറ്റ ഊർജ്ജം നിലവിൽ കൃത്യമായ രീതിയിലാണ് ഭൂമിയിലെത്തുന്നത്. ഇത് പരിധിവിട്ടാലുണ്ടാകുന്ന അപകടകരമായ സാഹചര്യം മുൻകൂട്ടികാണാനും ഭൂമിയെ സുരക്ഷിതമാക്കുന്നതിനുള്ള മുൻകരുതലുകളെടുക്കാനുമുള്ള മനുഷ്യശ്രമത്തിൽ ഇന്ത്യയും പങ്കാളിയാകുന്നതാണ് ആദിത്യ എൽ.1 പേടകം

author-image
nidheesh kumar
New Update
adithya l1

ബാംഗ്ലൂർ: അമേരിക്കയ്ക്കും ജപ്പാനും ചെെനയ്ക്കും പിന്നാലെ ആദിത്യ എൽ-1 ദൗത്യത്തിലൂടെ ഇന്ത്യ സൂര്യഗവേഷണം നടത്തുന്നത് കേവലം സ്വന്തം കാര്യത്തിന് മാത്രമല്ല. സൗരവാതകങ്ങളിൽ നിന്നും സൂര്യനിൽ നിന്നുള്ള ഊ‌ർജ്ജ പ്രവാഹം അമിതമാവുന്നതു കാരണവും ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ നിന്ന് ഭൂമിയെ ആകെ രക്ഷിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത്തരം അപകടങ്ങളെക്കുറിച്ച് കൃത്യസമയത്ത് മുന്നറിയിപ്പ് നൽകുന്നതിന് കൂടിയാണ് ആദിത്യ എൽ-1 വിക്ഷേപിച്ചതെന്ന് ഐ.എസ്.ആ‌ർ.ഒ കേന്ദ്രങ്ങൾ വ്യക്തമാക്കി.

Advertisment

മറ്റ് രാജ്യങ്ങളെല്ലാം അവരുടെ സ്വന്തം കാര്യത്തിനായുള്ള ഗവേഷണമാണ് നടത്തുന്നത്. ഇന്ത്യയുടെ ആദ്യ സൂര്യഗവേഷണ ബഹിരാകാശ പേടകമായ ആദിത്യ.എൽ.1 പി.എസ്.എൽ.വി.എക്സ്.എൽ.സി.57 റോക്കറ്റുപയോഗിച്ചാണ് വിജയകരമായി വിക്ഷേപിച്ചത്. 125ദിവസത്തെ ബഹിരാകാശ യാത്രയ്ക്കൊടുവിൽ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ ഉയരത്തിലുള്ള ലെഗ്രാഞ്ച് പോയന്റിലെത്തിയാണ് ആദിത്യപേടകം ഗവേഷണ നിരീക്ഷണങ്ങൾ നടത്തുക.  


സൂര്യനിലുണ്ടാകുന്ന അളവറ്റ ഊർജ്ജം നിലവിൽ കൃത്യമായ രീതിയിലാണ് ഭൂമിയിലെത്തുന്നത്. ഇത് പരിധിവിട്ടാലുണ്ടാകുന്ന അപകടകരമായ സാഹചര്യം മുൻകൂട്ടികാണാനും ഭൂമിയെ സുരക്ഷിതമാക്കുന്നതിനുള്ള മുൻകരുതലുകളെടുക്കാനുമുള്ള മനുഷ്യശ്രമത്തിൽ ഇന്ത്യയും പങ്കാളിയാകുന്നതാണ് ആദിത്യ എൽ.1 പേടകം. ഈ ലക്ഷ്യം നേടുന്നതിന് വേണ്ട അടിസ്ഥാനവിവരങ്ങളാണ് ആദിത്യ ദൗത്യത്തിലൂടെ ശേഖരിക്കുക.

ഭൂമിയെ വിഴുങ്ങാനൊരുങ്ങുന്ന എത്ര വലിയ സൗരവാതമാണെങ്കിലും അത് ഭീകരമാകുന്നതിന് മുൻപേ ഭൂമിയിൽ വിവരം ലഭ്യമാക്കാനാണ് ശ്രമം. അതോടെ ഗവേഷക‌ർക്ക് മുൻകരുതലെടുക്കാനാവും. ആദിത്യയിലെ പല ശാസ്ത്രീയ ഉപകരണങ്ങളും ലോകത്തിൽതന്നെ ഈ മേഖലയിൽ ആദ്യമായി ഉപയോഗിക്കപ്പെടുന്നവയാണെന്ന പ്രത്യേകതയുണ്ട്.

adithya l1-2


ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ ഉയരത്തിലുള്ള സാങ്കൽപിക ബിന്ദുവായ ലെഗ്രാഞ്ച് പോയന്റിലേക്ക് യാത്രചെയ്യുന്ന ആദിത്യപേടകം അടുത്ത 16 നാൾ ഭൂമിയെ തന്നെ വലം വയ്ക്കും. ഇതിനിടയിൽ അഞ്ച് തവണ ഭ്രമണപഥം വലുതാക്കും. ഇത് വിജയകരമായി നടത്തിക്കഴിഞ്ഞു.


 

പിന്നീട് ഭൂമിയുടെ ഗുരുത്വാകാർഷണത്തിൽ നിന്ന് പുറത്തുകടന്ന് ബഹിരാകാശത്തിലൂടെ നൂറ് ദിവസം യാത്ര ചെയ്യും. അങ്ങനെയാണ് ലെഗ്രാഞ്ച് പോയന്റിലെത്തുക. അവിടെ സ്വന്തമായി ത്രിമാനഭ്രമണപഥം തീർത്ത് ചുറ്റികൊണ്ട് ഭൂമിക്കൊപ്പം സൂര്യനെ വലംവെയ്ക്കും.

ഈ സമയങ്ങളിൽ വിസിബിൾലൈൻ എമിഷൻകൊറോണഗ്രാഫ്, സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ്, സോളാർ ലോ എനർജി എക്സ്‌റേസ്‌പെക്ട്രോമീറ്റർ, ഹൈഎനർജി എൽ1 ഓർബിറ്റിങ് എക്സ് റേ സ്‌പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്‌പെരിമെന്റ്, പ്ലാസ്മ അനലൈസർപാക്കേജ് ഫോർ ആദിത്യ,മാഗ്‌നെറ്റോമീറ്റർ തുടങ്ങിയ ഉപകരണങ്ങളുപയോഗിച്ച് സൂര്യനെ നിരീക്ഷിച്ച് വിവരങ്ങൾ ഐ.എസ്.ആർ.ഒ.യ്ക്ക് കൈമാറും.

ആദിത്യയിലെ പ്രധാന പേലോഡ് ആയ വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫ്  ദിവസേന 1440 ചിത്രങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കും. ആദിത്യ എൽ1 ലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതും സാങ്കേതികമായി ഏറെ വെല്ലുവിളി നിറഞ്ഞതുമായ പേലോഡാണ് വി.ഇ.എൽ.സി. ഐ.എസ്ആർ.ഒയുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്സിലെ സെന്റർ ഫോർ റിസർച്ച് ആന്റ് എജ്യുക്കേഷൻ ഇൻ സയൻസ് ടെക്‌നോളജി (ക്രെസ്റ്റ്) കാംപസിലാണ് ഈ സംവിധാനം ഒരുക്കിയത്.

adithya l1-3


ഓരോ മിനിറ്റിലും ഓരോ ചിത്രം വീതം ആദിത്യ എൽ1 ഭൂമിയിലേക്ക് അയക്കും. അതായത് 24 മണിക്കൂറിൽ 1440 ചിത്രങ്ങൾ. ഐ.എസ്ആർ.ഒയുടെ ഇന്ത്യൻ സ്‌പേസ് സയൻസ് ഡാറ്റാ സെന്ററിൽ (ഐഎസ്എസ്ഡിസി) നിന്ന് ലഭിക്കുന്ന ഡാറ്റ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്സിൽ പ്രവർത്തിക്കുന്ന ഓപ്പറേഷൻ സെന്ററിലെത്തുകയും അവിടെനിന്ന് ശാസ്ത്രവിശകലനത്തിന് അനുയോജ്യമാകും വിധം ആ ഡാറ്റയെ മാറ്റുകയും ചെയ്യും.


ഇത് വീണ്ടും ഐഎസ്എസ്ഡിസിയിലേക്ക് അയക്കും. കൊറോണൽ മാസ് ഇജക്ഷൻ ഓട്ടോമാറ്റിക് ആയി തിരിച്ചറിയുന്നതിനുള്ള പ്രത്യേക സോഫ്റ്റ് വെയറും ഐ.ഐ.എ. ഒരുക്കിയിട്ടുണ്ട്. അതിവേഗം ശേഖരിക്കുന്ന ഈ ഡാറ്റ 24 മണിക്കൂറിനുള്ളിൽ ശാസ്ത്രപരിശോധനകൾക്കായി ലഭ്യമാകും.

ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് മാറി ഒരുസാങ്കൽപിക ബിന്ദുവിനുചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലെത്തിക്കുകയാണ് ഇനിയുള്ള യാത്രയിലെ പ്രധാനവെല്ലുവിളി. ഇത്തരം ബഹിരാകാശയാത്ര ഇന്ത്യ ഇതിന് മുമ്പ് നടത്തിയിട്ടില്ല.


ഗുരുത്വാകർഷണമില്ലാതെ ബഹിരാകാശത്ത് ദീർഘകാലം തുടരുന്നത് ചെറിയകാര്യമല്ല. അതുകൊണ്ട് ഭൂമിയുടെ ഗുരുത്വാകാർഷണത്തിൽ നിന്ന് വിട്ട് ലെഗ്രാഞ്ച് പോയന്റിൽ ഭ്രമണപഥം തീർക്കുന്നത് വരെയുള്ള ഭാഗമാണ് ഏറ്റവും വെല്ലുവിളി.


ചന്ദ്രയാനിൽ ഭൂമിയുടെ ഗുരുത്വാകാർഷണത്തിൽ നിന്ന് മാറി ചന്ദ്രന്റെ ഗുരുത്വാകാർഷണത്തിലേക്ക് മാറുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. അത് കുറേക്കൂടി സുരക്ഷിതമാണെന്നും ഐ.എസ്.ആർ.ഒ വിശദീകരിക്കുന്നു.

Advertisment