രോഗം ബാധിച്ച് കിടപ്പിലായ അമ്മയെ ഉറക്ക ഗുളികകള്‍ നല്‍കിയശേഷം മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, December 1, 2018

മുംബൈ:   രോഗം ബാധിച്ച് കിടപ്പിലായ അമ്മയെ ഉറക്ക ഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയ ശേഷം മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയിലെ ദഹിസാറിലാണ് ലളിത ഷേണായിയെ (80) മകന്‍ യോഗേഷ് ഷേണായി (52) കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായിരുന്നു ലളിത. ചെറിയ ശമ്പളത്തിന് മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു യോഗേഷ്. ഭാര്യയുമായി പിരിഞ്ഞ ഇയാള്‍ അമ്മയോടൊപ്പമാണ് വര്‍ഷങ്ങളായി താമസിക്കുന്നത്.

രോഗിയായ അമ്മയെ പരിചരിക്കാനും മരുന്ന് വാങ്ങാനും യോഗേഷിന്റെ ശമ്പളം തികയുമായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പോലീസിന് മൊഴി നല്‍കി.

സംഭവ ദിവസം യോഗേഷ് അമ്മയ്ക്ക്  ഭക്ഷണത്തില്‍ അമിതമായി ഉറക്കുഗുളികകള്‍ കലര്‍ത്തി നല്‍കി. എന്നിട്ടും ഇവര്‍ ഉണര്‍ന്നതോടെ തലയിണ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഈ ശ്രമവും പരാജയപ്പെട്ടതോടെയാണ് യോഗേഷ് ഷേണായി കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്ത് അറുത്തത്.

പുലര്‍ച്ചെ 2 മണിക്ക് ലളിതയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഉണര്‍ന്നെങ്കിലും ആരും സംഭവ സ്ഥലത്തേക്ക് ചെന്നില്ല. പിറ്റേദിവസം അയല്‍ക്കാര്‍ ചെന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ലളിതയയെ ആണ് കണ്ടത്.

അയല്‍വാസികളില്‍ ഒരാള്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പറഞ്ഞതനുസരിച്ച് പോലീസെത്തിയാണ് ലളിതയുടെ മൃതദേഹം അശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹത്തിന് സമീപത്ത് ഇരിക്കുകയായിരുന്ന യോഗേഷിനെ അറസ്റ്റ് ചെയ്തു.

×