കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം: ഗതാഗതം തടസ്സപ്പെട്ടു, ഗുഡ്സ് ട്രെയിൻ പാളം തെറ്റി

ന്യൂസ് ബ്യൂറോ, മുംബൈ
Monday, July 1, 2019

മുംബൈ: കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം. മഴയില്‍ രാവിലെ മുതല്‍ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഗതാഗതം തടസ്സപ്പെട്ടു. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് കടന്ന് പോകാനാകാത്ത അവസ്ഥയാണ്. ഇന്നലെ രാത്രിയില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

താക്കൂർവാഡി റെയിൽവേ സ്റ്റേഷനു സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റി മറിഞ്ഞത് യാത്രാക്ലേശം ഇരട്ടിച്ചു. തിങ്കളാഴ്ച പുലർച്ചെ 4.15 ഓടെയാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റി മറിഞ്ഞത്. 15 ബോഗികളാണ് പാളം തെറ്റിയത്.

മഴയെ തുടര്‍ന്ന് 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. വരുന്ന രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറില്‍ താനെ ബെലാപൂരില്‍ 111 മില്ലി മീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റില്‍ സാമഗ്രികള്‍ വീണതിനെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയായിരുന്ന മുംബൈയിലെ മറൈന്‍ ലൈന്‍സിലുടെയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു.

×