നിരന്തരം പുറകെ നടന്നു ശല്യം ചെയ്തു. സഹികെട്ട യുവതി യുവാവിനെ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, December 27, 2018

മുംബൈ: നിരന്തരം ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി. മുംബൈയിലെ താനെയിലുള്ള നന്ദിവാലിയിലാണ് സംഭവം നടന്നത്.

സംഭവത്തില്‍ മുപ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കൂട്ടാളികളും സുഹൃത്തുക്കളുമായ മുകേഷ് കനിയ, തേജസ് മഹ്ത്രേ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചെവ്വാഴ്ചയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം യുവതി നന്ദിവാലിയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള വിജനമായ പ്രദേശത്ത് യുവാവിനെ വിളിച്ചു വരുത്തി. ഇവിടെ വെച്ച് മുകേഷും തേജസും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു. തുടർന്ന് യുവതി തന്റെ കൈയിൽ കരുതി വെച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി.

എന്നാൽ ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ മൂവരും സ്ഥലം കാലിയാക്കുകയായിരുന്നു. ശേഷം നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അതേ സമയം യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തന്നേ യുവാവ് നിരന്തരം ശല്യം ചെയ്യുകയും മാനസികമായി ചൂഷണം ചെയ്തിരുന്നുവെന്ന് യുവതി പറഞ്ഞു. സഹികെട്ടാണ് താൻ കൃത്യം ചെയ്തതെന്നും യുവതി പൊലീസിൽ മൊഴി നൽകി. മൂവരെയും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ കോടതിയിൽ ഹാജരാക്കും.

×