ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാധ്യമസ്വാതന്ത്രത്തിനു പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ നേരിടുന്നതായി ഗ്ലോബല്‍ മലയാളി പ്രസ്‌ക്ലബ് (ജിഎംപിസി) സംവാദം. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം വളരെ ദുഷ്‌കരമായി മാറിയിരിക്കുകയാണെന്ന് ഇന്നലെ നടന്ന അന്താരാഷ്ട്ര വെര്‍ച്വല്‍ സെമിനാറില്‍ മുതിര്‍ന്ന മാധ്യമപ്രര്‍ത്തകര്‍ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തനത്തിന്റെ സുവര്‍ണകാലഘട്ടം രാജ്യത്തുനിന്ന് മാഞ്ഞുപോയതായി ജിഎംപിസി സംഘടിപ്പിച്ച വഴികാട്ടികള്‍ എന്ന സംവാദപരമ്പരയില്‍ മുഖ്യാതിഥി മാതൃഭൂമി ഡല്‍ഹി പ്രത്യേക പ്രതിനിധി എന്‍. അശോകന്‍ പറഞ്ഞു.
രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സംവാദത്തില്‍ ആശങ്കപ്രകടിപ്പിച്ചു. ചരിത്രപ്രസിദ്ധമായ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാള്‍ ഇല്ലാതാക്കിയതോടെ കക്ഷിഭേദമന്യേയുള്ള ചര്‍ച്ചകള്‍ക്ക് ഇടയില്ലാതായതായി മലയാള മനോരമ ഡല്‍ഹി റെസിഡന്റ് എഡിറ്റര്‍ ആര്‍. പ്രസന്നന്‍ ചൂണ്ടിക്കാട്ടി. വിദേശയാത്രകളില്‍ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് ഉചിതമല്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കെ.പി. നായര്‍ പറഞ്ഞു.
സംവാദത്തില്‍ ഗ്ലോബല്‍ മലയാളി പ്രസ്‌ക്ലബ് പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സി. രാജഗോപാല്‍, വൈസ് പ്രസിഡന്റ് അനില്‍ അടൂര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സോമന്‍ ബേബി, ജെ. ഗോപീകൃഷ്ണന്‍, ഉബൈദ് ഇടവണ്ണ, പി.ടി. അലവി, അബ്ദുള്‍ വാഹിദ്, പി.പി. ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.