Advertisment

തമിഴ്‌നാട്ടിലെ ബിഎസ്പി പ്രസിഡന്റിന്റെ കൊലപാതകം; പിടിയിലായത്‌ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ സംഘാഗങ്ങളും ബന്ധുക്കളും; അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് ബിഎസ്പി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധപ്രകടനം; മായാവതി തമിഴ്‌നാട്ടിലേക്ക്

തമിഴ്‌നാട് ബിഎസ്പി പ്രസിഡന്റ് ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ട കേസില്‍ എട്ടു പേര്‍ അറസ്റ്റില്‍.  പൊന്നൈ ബാല, രാമു, തിരുവെങ്ങാടം, തിരുമലൈ, സെൽവരാജ്, മണിവണ്ണൻ, സന്തോഷ്, അരുൾ എന്നിവരാണ് അറസ്റ്റിലായത്

New Update
armstrong bsp

ചെന്നൈ: തമിഴ്‌നാട് ബിഎസ്പി പ്രസിഡന്റ് ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ട കേസില്‍ എട്ടു പേര്‍ അറസ്റ്റില്‍.  പൊന്നൈ ബാല, രാമു, തിരുവെങ്ങാടം, തിരുമലൈ, സെൽവരാജ്, മണിവണ്ണൻ, സന്തോഷ്, അരുൾ എന്നിവരാണ് അറസ്റ്റിലായത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisment

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിഎസ്പി പ്രവർത്തകർ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി. അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നാണ് ബിഎസ്പിയുടെ ആരോപണം. ഇൻ്റലിജൻസ് എഡിജിപിയെ സസ്‌പെൻഡ് ചെയ്യണമെന്നും ആംസ്‌ട്രോങ്ങിനെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ചെന്നൈയിൽ ആർക്കോട്ട് സുരേഷ് എന്ന ഗുണ്ട കൊല്ലപ്പെട്ടിരുന്നു. ആംസ്ട്രോങ്ങിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ എട്ടുപേരും ആർക്കോട്ട് സുരേഷിൻ്റെ ബന്ധുക്കളും സംഘാഗങ്ങളുമാണ്. ആർക്കോട്ട് സുരേഷിൻ്റെ സഹോദരനാണ് പൊന്നൈ ബാല. ആർക്കോട്ട് സുരേഷിൻ്റെ കൊലപാതകത്തിൽ ആംസ്ട്രോങ്ങിന് പങ്കുണ്ടെന്ന് പ്രതികൾ വിശ്വസിച്ചിരുന്നു.

കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് ചെന്നൈ അഡീഷണൽ കമ്മീഷണർ (നോർത്ത്) അസ്ര ഗാർഗ് പറഞ്ഞു. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ചെന്നൈയിലെ പെരമ്പൂരിലെ വസതിക്ക് സമീപം കഴിഞ്ഞ ദിവസമാണ് ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാത സംഘം ആംസ്‌ട്രോങ്ങിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

"ബിഎസ്പി സംസ്ഥാന പ്രസിഡൻ്റ് ആംസ്‌ട്രോങ്ങിൻ്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതും അത്യന്തം ദുഃഖകരവുമാണ്. കൊലപാതകത്തിൽ ഉൾപ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംസ്‌ട്രോങ്ങിൻ്റെ എല്ലാ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കൂടാതെ കേസ് വേഗത്തിലാക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് ഞാൻ ഉത്തരവിട്ടു," സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ബിഎസ്പി അധ്യക്ഷ മായാവതി ഞായറാഴ്ച ചെന്നൈയിലെത്തി ആംസ്ട്രോങ്ങിൻ്റെ കുടുംബത്തെ അനുശോചനം അറിയിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യപ്പെട്ടു. 

 

Advertisment