എം ജി മോട്ടോർ ഇന്ത്യയുടെ വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ സെഡ് എസ് കൊച്ചിയടക്കം ആറ് നഗരങ്ങളിൽ കൂടി വിൽപനയ്ക്കെത്തി. കൊച്ചിക്കു പുറമെ ചെന്നൈ, പുമെ, സൂറത്ത്, ചണ്ഡീഗഢ്, ജയ്പൂർ നഗരങ്ങളിലാണ് ഇനി മുതൽ സെഡ് എസ് ലഭ്യമാവുക. കാർ ഉടമകൾക്കായി എം ജി മോട്ടോർ ഡീലർഷിപ്പുകളിൽ അതിവേഗ ചാർജറുകളും ലഭ്യമാക്കിയിട്ടുണ്ട്. ക്രമേണ വിവിധ പങ്കാളികളുടെ സഹകരണത്തോടെ ഈ നഗരങ്ങളിൽ കൂടുതൽ ഫാസ്റ്റ് ചാർജറുകൾ പ്രവർത്തനക്ഷമമാക്കാനും എം ജി മോട്ടോർ ഇന്ത്യ ശ്രമിക്കുന്നുണ്ട്.
/sathyam/media/post_attachments/MYQaDYscFtOMAfpxr0Tu.jpg)
ഇതുവരെ ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലും മുംബൈ, ഹൈദരബാദ്, അഹമ്മദബാദ്, ബെംഗളൂരു നഗരങ്ങളിലുമാണ് എം ജിയുടെ സെഡ് എസ് ഇ വി വിൽപ്പനയ്ക്കുണ്ടായിരുന്നത്. ഈ നഗരങ്ങളിൽ ഡീലർഷിപ്പുകൾക്കൊപ്പം വിവിധ പങ്കാളികളുമായി സഹകരിച്ചും എം ജി മോട്ടോർ അതിവേഗ ബാറ്ററി ചാർജിങ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
‘സെഡ് എസ്’ വൈദ്യുത വാഹനത്തിനു കരുത്തേകുന്നത് 44.5 കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററി പായ്ക്കാണ്; 142 പി എസ് വരെ കരുത്തും 353 എൻ എം ടോർക്കുമാണ് ഈ വൈദ്യുത പവർ ട്രെയ്ൻ സൃഷ്ടിക്കുക. ഒറ്റ ചാർജിൽ 340 കിലോമീറ്റർ ഓടാൻ ‘സെഡ് എസി’നു കഴിയുമെന്നാണ് എം ജി മോട്ടോർ ഇന്ത്യയുടെ വാഗ്ദാനം; ഒപ്പം 8.5 സെക്കൻഡിൽ ഈ വൈദ്യുത എസ് യു വി നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.
മൂന്നു നിറങ്ങളിൽ ലഭ്യമാവുന്ന സെഡ് എസിന്റെ രണ്ടു വകഭേദങ്ങളാണു വിൽപ്പനയ്ക്കുള്ളത്. ‘എക്സൈറ്റ്’ വകഭേദത്തിന് 20.88 ലക്ഷം രൂപയും എക്സ്ക്ലൂസീവ് പതിപ്പിന് 23.58 ലക്ഷം രൂപയുമാണ് മുംബൈയിലെ ഷോറൂം വില. ഭിത്തിയിൽ ഘടിപ്പിക്കുന്ന, സാധാരണ 7.4 കിലോവാട്ട് എ സി ചാർജർ ഉപയോഗിച്ച് ആറു മുതൽ എട്ടു മണിക്കൂർ സമയത്തിനകം ‘സെഡ് എസി’ലെ ബാറ്ററിയുടെ 80% ചാർജ് ചെയ്യാക്കുന്നതെങ്കിൽ 50 മിനിറ്റിനകം ബാറ്ററി 80% ചാർജാവും. ഇന്ത്യൻ വിപണിയിൽ എം ജിയുടെ ‘സെഡ് എസി’ന് എതിരാളി ഹ്യുണ്ടേയിയുടെ ‘കോന’ ഇലക്ട്രിക് മാത്രമാണ്.