മുംബൈ: മഹാരാഷ്ട്രാ സര്‍ക്കാരില്‍ ഭിന്നത രൂക്ഷമാകുന്നു. ഭീമാ കൊറേഗാവ് കേസിന്റെ അന്വേഷണം എന്‍.ഐ.എയെ അനുവദിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നടപടിയെ വിമര്‍ശിച്ച് എന്‍.സി.പിക്കു പിന്നാലെ കോണ്‍ഗ്രസും രംഗത്തെത്തി.
ഇത്തരം കാര്യങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ഉദ്ധവ് താക്കറെയുടെ കൈയില്‍ അധികാരമുണ്ടാകാം. എന്നാല്‍, അത് വിവേകത്തോടെ ഉപയോഗിക്കണം. തങ്ങളുടെ മന്ത്രിമാരും ഇവിടെയുണ്ട്. അവര്‍ എതിര്‍ക്കും - ഖാര്‍ഗെ പറഞ്ഞു.
ഭീമാ കൊറേഗാവ് കേസില്‍ ഉദ്ധവിനെതിരേ വിമര്‍ശവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പുണെ പോലീസ് അന്വേഷിക്കുന്ന കേസ് കേന്ദ്രത്തിന് കൈമാറുന്നത് ശരിയല്ലെന്ന് പവാര്‍ കഴിഞ്ഞദിവസം പറഞ്ഞത്.
ശിവസേന നേതൃത്വം നല്‍കുന്ന മഹാ വികാസ് അഖാഡിയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ഘടകകക്ഷികളാണ്. ഉദ്ധവിന്റെ നീക്കത്തെ വിമര്‍ശിച്ച് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും രംഗത്തെത്തിയിരുന്നു. ഭീമാ കൊറേഗാവ് കേസില്‍ തന്നെ മറികടന്നാണ് ഉദ്ധവ് തീരുമാനമെടുത്തതെന്ന് ദേശ്മുഖ് ആരോപിച്ചിരുന്നു.