''ഇപ്പോൾ പൊലീസില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. കുറ്റാന്വേഷണം, നിയമപാലനം എന്നിവ ആയിരുന്നു പണ്ട് പൊലീസിന്റെ ജോലി എങ്കിൽ ഇപ്പോൾ കാര്യങ്ങളെ കൂടുതൽ സമഗ്രമായി കാണാനാകും. കുറ്റം ആര് ചെയ്യുന്നു, എന്ത് കൊണ്ട് ചെയ്യുന്നു, അയാളുടെ മാനസിക നില എന്ത് എന്നതൊക്കെ ജോലിയിൽ പ്രധാന വിഷയങ്ങളായി. അവിടെ ഒരു സോഷ്യൽ വർക്കരുടെ ജോലി കൂടി ഒത്തു ചേരുന്നു. എങ്കിലും പൊലീസ് ജോലി 'ബ്ളാക്ക് ആൻഡ് വൈറ്റ്' എന്ന രീതിയിൽ കാണാനാവില്ല. പല ഭാഗങ്ങളും 'ഗ്രെ' എന്ന് പറയാം''-ബ്രൂക്ക്ഫീൽഡ് നഗരത്തിലെ നിയുക്ത പൊലീസ് ചീഫായ കോട്ടയം സ്വദേശി പറയുന്നു; മൈക്ക് കുരുവിളയുടെ സ്ഥാനലബ്ദിയില്‍ മലയാളി സമൂഹത്തിനും ഇത് അഭിമാനനിമിഷം

New Update

publive-image

യുഎസിലെ ഇല്ലിനോയിയിലെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പൊലീസ് ചീഫായി മലയാളിയായ മൈക്ക് കുരുവിള അടുത്ത മാസം ചാര്‍ജെടുക്കുമ്പോള്‍ മലയാളി സമൂഹത്തിനും ഇത് അഭിമാനനിമിഷം. കോട്ടയം മാന്നാനം പറപ്പള്ളിൽ ചിറ കുടുംബാംഗം ജോൺ കുരുവിളയുടെ പുത്രനാണ് ഇദ്ദേഹം.

Advertisment

"ധാരാളം പേര് അഭിനന്ദിക്കാൻ വിളിച്ചു. ഇത്രയധികം പിന്തുണ ലഭിക്കുന്നതിൽ അഭിമാനം തോന്നി. ഇപ്പോൾ പൊലീസില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. കുറ്റാന്വേഷണം, നിയമപാലനം എന്നിവ ആയിരുന്നു പണ്ട് പൊലീസിന്റെ ജോലി എങ്കിൽ ഇപ്പോൾ കാര്യങ്ങളെ കൂടുതൽ സമഗ്രമായി കാണാനാകും. കുറ്റം ആര് ചെയ്യുന്നു, എന്ത് കൊണ്ട് ചെയ്യുന്നു, അയാളുടെ മാനസിക നില എന്ത് എന്നതൊക്കെ ജോലിയിൽ പ്രധാന വിഷയങ്ങളായി. അവിടെ ഒരു സോഷ്യൽ വർക്കരുടെ ജോലി കൂടി ഒത്തു ചേരുന്നു. എങ്കിലും പൊലീസ് ജോലി 'ബ്ളാക്ക് ആൻഡ് വൈറ്റ്' എന്ന രീതിയിൽ കാണാനാവില്ല. പല ഭാഗങ്ങളും 'ഗ്രെ' എന്ന് പറയാം''- മൈക്ക് കുരുവിള പറയുന്നു.

നോർത്ത് വെസ്റ്റ് ചിക്കാഗോയിൽ ജനിച്ചു വളർന്ന കുരുവിള യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയിൽ ഡിഗ്രിക്കും മാസ്റ്റേഴ്‌സിനും പഠിച്ചത് സോഷ്യൽ വർക്ക്. ജോലി തുടങ്ങിയതും ബ്രൂക്ഫീൽഡ് പോലീസിൽ സോഷ്യൽ വർക്കറായി. തസ്തിക പോലീസ് ക്രൈസിസ് വർക്കർ. ആറാഴ്ച കഴിഞ്ഞപ്പോൾ പോലീസിൽ ചേരുന്നോ എന്ന ചോദ്യം വന്നു. രണ്ടാമതൊന്നാലോചിക്കാതെ അത് സ്വീകരിച്ചു

കഴിഞ്ഞ വര്ഷം 40 വയസിൽ താഴെയുള്ളവർക്കുള്ള പോലീസ് അണ്ടർ 40 അവാർഡ് ജേതാക്കളിൽ ഒരാളായി ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ്സ് ഓഫ് പോലീസ് (ഐ‌എ‌സി‌പി) തിരഞ്ഞെടുത്തിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 വയസ്സിന് താഴെയുള്ള 40 പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ആണ് അന്ന് 37 കാരനായ കുരുവിള ഇടം നേടിയത്. 2006 ൽ ബ്രൂക്ക്ഫീൽഡ് പോലീസ് നിയമിച്ച ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ എന്ന വിശേഷണവും കുരുവിള സ്വന്തമാക്കിയിരുന്നു.

പിതാവ് ജോൺ കുരുവിള കോളജ് പഠനത്തിന് അമേരിക്കയിലെത്തിയതാണ്. മോട്ടൊറോളയിൽ അക്കൗണ്ടന്റായി വിരമിച്ചു. അമ്മ സെലീന മാവേലിക്കര കൊന്നയിൽ കുടുംബാംഗം. സോഷ്യൽ വർക്കറാണ് ഭാര്യ സിബിൾ. പത്തു വയസുള്ള സാമുവൽ, മൂന്ന് വയസുള്ള മിക്ക എന്നിവരാണ് മക്കൾ.

Advertisment