വീടിന് പുറത്താക്കി വാതിലടച്ച മാതാപിതാക്കളെ ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടിയെന്ന് അറിയിക്കാന്‍ അരകല്ല് എടുത്ത് കിണറ്റിലേക്കിട്ടു, പക്ഷേ അരകല്ലിനൊപ്പം കാലുവഴുതി ആളും കിണറ്റിലേക്ക് ; മധ്യവയസ്‌കന് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ, ഇടുക്കി
Saturday, August 24, 2019

ഇടുക്കി: കിണറ്റിലേയ്ക്ക് ചാടുന്നതെങ്ങനെയെന്ന് അഭിനയിച്ച മധ്യവയസ്‌കന് കിണറ്റിലേയ്ക്ക് കാല്‍വഴുതി വീണ് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം. മദ്യലഹരിയില്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതായി കാണിച്ച്, അരകല്ല് കിണറ്റിലിടുന്നതിനിടെയാണ് മധ്യവയസ്‌കന്‍ കാല്‍വഴുതി കിണറ്റിലേയ്ക്ക് വീണ് മരിച്ചത്. കുമളി അട്ടപ്പളളം സ്വദേശി എടക്കര സാബു ആണ് മരിച്ചത്.

അട്ടപ്പളളം ലക്ഷം വീട് കോളനിക്ക് സമീപം പിതാവിനും മാതാവിനും ഒപ്പമാണ് കഴിഞ്ഞ കുറേക്കാലമായി സാബു താമസിച്ചിരുന്നത്. മദ്യലഹരിയില്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

വ്യാഴാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ സാബു മാതാപിതാക്കളുമായി വഴക്കുണ്ടാക്കി. മാതാപിതാക്കള്‍ സാബുവിനെ വീടിന് പുറത്താക്കി വാതിലടച്ചു. വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ താന്‍ കിണറ്റില്‍ ചാടി എന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ വീടിന് സമീപത്തെ കിണറ്റിലേക്ക് അരകല്ലെടുത്ത് ഇടുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

×