/sathyam/media/post_attachments/S1mfeYf8O4rl9OOWCJpW.jpg)
കുവൈറ്റ് : വിധി പിന്തുടര്‍ന്നു പിടികൂടിയ ജീവിതമാണ് ഇന്ന് പാലായില്‍ വാഹനാപകടത്തില്‍ മരിച്ച കുവൈറ്റിലെ മുന്‍ പ്രവാസി മലയാളി യുവതി മിനി ജോര്‍ജിന്‍റേത്. ബുധനാഴ്ച മിനിയുടെ മരണത്തോടെ ഒരു കുടുംബം പൂര്‍ണമായും ഇല്ലാതായി.
പാലായില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അയര്‍ക്കുന്നം ഒഴുങ്ങാലില്‍ ജോര്‍ജീന്‍റെ ഭാര്യയായ മിനി ജോര്‍ജ് (49) മരണത്തിന് കീഴടങ്ങിയത്. കോടഞ്ചേരി ചെമ്പുകടവ് വട്ടുകുന്നേല്‍ കുടുംബാംഗമായ മിനിയെ വിധി പിന്നാലേ ചെന്നു ദുരന്തങ്ങളിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ അതിനു മുന്‍പ് നിരവധിയാണ്.
കുവൈറ്റില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന മിനിയുടെ ആദ്യ ഭര്‍ത്താവും ഏക മകളും നേരത്തെ മരിച്ചിരുന്നു. ആലുവയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിലായിരുന്നു ആദ്യ ഭര്‍ത്താവിന്‍റെ മരണം. അന്ന് കാറിൽ യാത്ര ചെയ്ത 5 പേരിൽ മിനി മാത്രമായിരുന്നു രക്ഷപെട്ടത്. ഇവരുടെ ഏക മകളായിരുന്നു നയന.
ആദ്യ ഭര്‍ത്താവിന്‍റെ മരണ ശേഷം നയനയ്ക്കുവേണ്ടി രണ്ടാം വിവാഹം പോലും വേണ്ടെന്ന് വച്ചാണ് മിനി മകളെ വളര്‍ത്തിയത് . പക്ഷേ അവിടെയും വിധി മിനിയെ വെറുതെ വിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവമ്പാടിയിൽ ഇരവഞ്ഞിപൂഴയിൽ ബന്ധുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി നയനയും മരിച്ചു .
പിന്നീട് ഒറ്റപ്പെട്ടുപോയ മിനിയെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചത്. അങ്ങിനെയാണ് അയര്‍ക്കുന്നം ഒഴുങ്ങാലില്‍ ജോര്‍ജുമായുള്ള വിവാഹം നടക്കുന്നത്.
കുവൈറ്റില്‍ നിന്നും മടങ്ങിയെത്തിയ ശേഷം പൂവരണിയില്‍ ലാബ് നടത്തുകയായിരുന്നു മിനിയും ജോര്‍ജും. മിനിയുടെ മകളുടെ പേരായിരുന്നു ലാബിനും നല്കിയത് - നയന ക്ലിനിക്കല്‍ ലാബ്.
പൂവരണി മൂലേതുണ്ടി റോഡിലാണ് മിനിയുടെ ജീവനെടുത്ത അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ കാറില്‍ തലയടിച്ചു വീണായിരുന്നു അപകടം. ജീവന്‍ രക്ഷിക്കാനായില്ല.
കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ റിഗ്ഗ യൂണിറ്റിലെ സജീവ പ്രവര്‍ത്തകയായിരുന്നു മിനി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us