/sathyam/media/post_attachments/LN5DWlDv3osahiqrLwef.jpg)
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയതാണെന്ന് സൂചന. കൂടുതൽ കുരുക്കിലേക്ക് നീങ്ങിയാൽ കൈവിടേണ്ടി വരുമെന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയൻ ജലീലിന് നൽകിയിരുന്നു. വിവാദങ്ങൾ മുറുകും മുമ്പേ മന്ത്രി സ്ഥാനം കെ ടി ജലീൽ രാജിവച്ചേക്കുമെന്നും സൂചനയുണ്ട്.
നേരത്തെ വളാഞ്ചേരിയിലെ വീട്ടിൽ നിന്നും ഇന്നു വൈകിട്ട് നാലു മണിയോടെയാണ് കെ ടി ജലീൽ തിരുവനന്തപുരത്തേക്ക് തിരിച്ചത്. വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിൽ പുറത്തേക്ക് ഇറങ്ങുന്നില്ല എന്നായിരുന്നു മന്ത്രി നേരത്തെ പോലീസിനെ അറിയിച്ചിരുന്നത്.
പിന്നീട് ഉച്ചകഴിഞ്ഞ് 2.40 ഓടെ മന്ത്രി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്ന തീരുമാനം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. തിടുക്കത്തിൽ തലസ്ഥാനത്തേക്കുള്ള യാത്രയാണ് ഇപ്പോൾ സംശയത്തിന് ഇട നൽകിയിട്ടുള്ളത്. യാത്രാമധ്യേയും മുഖ്യമന്ത്രിയുമായി ജലീൽ പലവട്ടം ഫോണിൽ സംസാരിച്ചിരുന്നു.
നാളെ മുതൽ പാർലമെൻ്റ് സമ്മേളനം തുടങ്ങുകയാണ്. കേരളത്തിലെ സ്വർണക്കടത്ത് വിവാദവും നയതന്ത്ര പാഴ്സലിലെ ഖുറാൻ കടത്തും കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള ചട്ടവിരുദ്ധ ബന്ധവും പ്രോട്ടോക്കോൾ ലംഘനവുമൊക്കെ അവിടെ ചർച്ചയാകും. അതിൽ ജലീലിനെ പ്രതിക്കൂട്ടിലാകുന്ന പരാമർശമുണ്ടാകുമെന്ന ഭയവും സർക്കാരിനുണ്ട്.