തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച് കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും ;  ഇങ്ങനെ പോയാൽ എന്നെയും നിങ്ങളെയും കൊല്ലും, പ്രധാനമന്ത്രിയെ വരെ കൊല്ലും ;  ഇതു രാജ്യത്തിനു ഭൂഷണമല്ല-’ ;   പീഡനക്കേസ് പ്രതികളെ വെടിവച്ചു കൊന്നത് അംഗീകരിക്കാനാവില്ലെന്ന് എം.എം.മണി 

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, December 8, 2019

ഇടുക്കി: ഹൈദരാബാദ് പീഡനക്കേസ് പ്രതികളെ വെടിവച്ചു കൊന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച് കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വെടിവയ്പ്പ് ശീലമായാല്‍ ആരെയും കൊല്ലുന്ന അവസ്ഥയില്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നെടുങ്കണ്ടത്ത് ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘വെടിവയ്പ് ശീലമായാൽ ആരെയും കൊല്ലുന്ന അവസ്ഥയുണ്ടാകും. ഇങ്ങനെ പോയാൽ എന്നെയും നിങ്ങളെയും കൊല്ലും. പ്രധാനമന്ത്രിയെ വരെ കൊല്ലും. ഇതു രാജ്യത്തിനു ഭൂഷണമല്ല-’’മന്ത്രി പറഞ്ഞു. എന്നാല്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതില്‍ ഇതേ അഭിപ്രായമാണോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ മന്ത്രി പ്രതികരിച്ചില്ല. ടയര്‍ വിവാദത്തില്‍ തന്‍റെ ഭാഗം ഒഴിവാക്കിയാണ് ചില മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് എന്ന് എം.എം മണി പറഞ്ഞു.

ഞാനാ വണ്ടിയിൽ കയറി യാത്ര ചെയ്യുന്നു എന്നല്ലാതെ വണ്ടിയുമായി എനിക്കൊരു ബന്ധവുമില്ല. പിന്നെ വണ്ടിക്കു ടയ‍ർ വച്ചേക്കുന്നതു പൂജിക്കാനല്ലല്ലോ? അപ്പോൾ ടയർ തേയും, മാറും. ഞാനതിൽ അഞ്ചു പൈസ പോലും കൈപ്പറ്റാറില്ല.

പിന്നെ, വേറെ ആരേലും കൈപ്പറ്റുന്നുണ്ടോ എന്ന് അറിയത്തുമില്ല. പുത്തൻ ടയറിന്റെ ബില്ല് മേടിച്ചു പൈസ പോക്കറ്റിലാക്കുന്ന വിദ്വാൻമാരുടെ പണി തനിക്കറിയില്ല’’– മന്ത്രി വ്യക്തമാക്കി.

×