വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവം: ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ; പ്രതികരിച്ച മാര്‍ഗത്തെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാം; വിജയ് പി നായരുടേത് വൃത്തികെട്ട സമീപനമെന്നും മന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, September 27, 2020

തിരുവനന്തപുരം: അശ്ലീല വീഡിയോകളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചയാളെ മര്‍ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അവര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും, പ്രതികരിച്ച മാര്‍ഗം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യൂട്യൂബ് ചാനലിലൂടെ വളരെ മോശം പരാമര്‍ശമാണ് സ്ത്രീകള്‍ക്കെതിരെ വിജയ് പി. നായര്‍ നടത്തിയതെന്നും, ഇയാള്‍ക്കെതിരെ കേസെടുക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കുന്നത് തെറ്റല്ല, പിന്നെ പ്രതികരണം ഏത് അറ്റം വരെ എന്നുള്ള കാര്യമൊക്കെ നിയമപരമായി തീരുമാനിക്കുന്നതാണെന്നും മന്ത്രി പറയുന്നു.

ഭാഗ്യലക്ഷ്മിയും കൂട്ടരും അതിനെതിരെ ശക്തമായി പ്രതികരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രതികരിച്ചതിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ചതിന്റെ മാര്‍ഗമൊക്കെ നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. പക്ഷെ ആ മനുഷ്യന്‍ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണം- എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

×