‘ഡിഎംകെ അധികാരത്തില്‍ വന്നാല്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മാസത്തില്‍ 1000 രൂപ’- പ്രഖ്യാപനവുമായി സ്റ്റാലിന്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, March 8, 2021

ചെന്നൈ: വീണ്ടും അധികാരത്തില്‍ വന്നാല്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മാസത്തില്‍ 1000 രൂപ വീതം നല്‍കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. ട്രിച്ചിയില്‍ നടന്ന ഡിഎംകെയുടെ റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ വന്നാല്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകളായ വീട്ടമ്മമാര്‍ക്കും പ്രതിമാസം 1,000 രൂപ നല്‍കും എന്നായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രിച്ചിയില്‍ ഡിഎംകെ റാലി സംഘടിപ്പിച്ചത്.

നേരത്തെ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ടെലഫോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. കോണ്‍ഗ്രസിന് ഡിഎംകെ 25 സീറ്റ് വിട്ടുനല്‍കും. കന്യാകുമാരി ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ സീറ്റും വിട്ടുനല്‍കും.

കോണ്‍ഗ്രസിന് ഇത്തവണ 22 സീറ്റുകളില്‍ കൂടുതല്‍ നല്‍കില്ലെന്ന് നേരത്തെ സ്റ്റാലിന്‍ നിലപാടെടുത്തിരുന്നു. 30 സീറ്റ് വേണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം. 2016ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് എട്ടു സീറ്റുകളില്‍ മാത്രമാണ്.

സിപിഐയ്ക്ക് ആറു സീറ്റുകളാണ് ഡിഎംകെ അനുവദിച്ചിരിക്കുന്നത്. സിപിഎമ്മുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. സിപിഐയ്ക്ക് നല്‍കിയതില്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് സിപിഎം ആവശ്യം.

×