സച്ചിന്‍ പൈലറ്റിന് അദ്ദേഹം ചിന്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ പിന്തുണ കോണ്‍ഗ്രസിലുണ്ട്; ഞങ്ങളെപ്പോലുള്ളവരില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാകുമായിരുന്നെങ്കില്‍ 19 അല്ല 40-45 എം.എല്‍.എമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടാകുമായിരുന്നു; പറയുന്നത് ഗെയ്‌ലോട്ട് ക്യാമ്പിലെ എംഎല്‍എ പ്രശാന്ത് ബൈര!

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, August 7, 2020

ജയ്പൂര്‍: വിമത നേതാവ്‌ സച്ചിന്‍ പൈലറ്റിന് അദ്ദേഹം വിചാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ പിന്തുണ കോണ്‍ഗ്രസില്‍ നിന്നുണ്ടെന്ന് അശോക് ഗെലോട്ട് ക്യംപില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയുടെ അവകാശവാദം. താന്‍ ഇപ്പോഴും ഗെലോട്ടിന്റെ വിശ്വസ്തനാണെന്ന് വാദിക്കുമ്പോള്‍ തന്നെയാണ് പ്രശാന്ത് ബൈര എന്ന എംഎല്‍എ ഞെട്ടിക്കുന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിമത നേതാവായ സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസില്‍ നിന്ന് 40 മുതല്‍ 45 വരെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് പ്രശാന്ത് വെളിപ്പെടുത്തുന്നത്. എന്നാല്‍ അതിനര്‍ത്ഥം അവിശ്വാസ വോട്ടെടുപ്പില്‍ തങ്ങള്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പരിശോധനയ്ക്കായി ഗെലോട്ട് ക്യാമ്പിലെ എംഎല്‍എമാര്‍ താമസിക്കുന്ന ജയ്‌സാല്‍മീറിലെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പ്രശാന്ത് ബൈര ഇക്കാര്യം ഒരു ന്യാസ് ചാനലിനോട് വെളിപ്പെടുത്തിയത്. ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന നിയമഭാ സമ്മേളനത്തിന് മുന്നോടിയായാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഈ ഹോട്ടലില്‍ തമാസിക്കുന്നത്.

സച്ചിനൊപ്പം വലിയൊരു ടീമുണ്ട്. അത് അദ്ദേഹത്തിനറിയില്ല-ബൈര പറഞ്ഞു. ‘ഞങ്ങളെപ്പോലുള്ളവരില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാകുമായിരുന്നെങ്കില്‍ 19 അല്ല 40-45 എം.എല്‍.എമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടാകുമായിരുന്നു. എന്നാല്‍ അദ്ദേഹം ഞങ്ങളെ കേള്‍ക്കാറില്ല. എനിക്ക് തോന്നുന്നത് മറ്റാരോ ഇതിനിടയില്‍ കളിക്കുന്നുണ്ടെന്നാണ്’, ബൈര കൂട്ടിച്ചേര്‍ത്തു.

സച്ചിന്‍ അനുകൂലികളില്‍ പലരും ഇവിടെയുണ്ട് . അതിനര്‍ത്ഥം തങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല എന്നല്ല. 100 ശതമാനവും ഞങ്ങള്‍ കോണ്‍ഗ്രസിനേ വോട്ടുചെയ്യൂ. സംസ്ഥാനത്തെ പ്രതിസന്ധിയ്ക്ക് കാരണം ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും വേണമെങ്കിലും തെറ്റ് പറ്റാമെന്നും വിമത എം.എല്‍.എമാര്‍ തെറ്റുതിരുത്തി തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.

×