പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായത് ബിജെപിയുടെ ഭീഷണി മൂലമാണെന്ന് മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമി: പാര്‍ട്ടി എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും നാരായണസ്വാമി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, February 24, 2021

ന്യൂഡൽഹി: പുതുച്ചേരിയിൽ കോൺഗ്രസിന് അധികാരം നഷ്ടമായത് ബിജെപിയുടെ ഭീഷണി മൂലമാണെന്ന് മുൻ മുഖ്യമന്ത്രി വി നാരായണസ്വാമി. പാർട്ടി എംഎൽഎമാരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും നാരായണസ്വാമി വ്യക്തമാക്കി. എൻഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കഴിഞ്ഞ നാലരവർഷക്കാലം എന്റെ ഒപ്പം പ്രവർത്തിച്ച എംഎൽഎമാരാണ് ഇക്കാര്യം അറിയിച്ചത്. അവരെ ഭീഷണിപ്പെടുത്തി. അതിന്റെ തെളിവുകൾ എന്റെ കയ്യിലുണ്ട്. രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാവുന്നതിന് മുമ്പുതന്നെ ഒരു എംഎൽഎ ഇക്കാര്യം എന്നെ ധരിപ്പിച്ചിരുന്നു. അദ്ദേഹത്തിനുമേൽ 22 കോടി ടാക്‌സ് ചുമത്തിയെന്നും പാർട്ടിയിൽ നിന്നും രാജിവെച്ചില്ലെങ്കിൽ അതടക്കേണ്ടിവരുമെന്ന് സമ്മർദ്ദം ചുമത്തുകയും ചെയ്തിരുന്നു’, നാരായണസ്വാമി പറഞ്ഞു.

ബിജെപി പണം ഉപയോഗിച്ച് എംഎൽഎമാരെ സ്വാധീനിക്കുകയാണെന്നും അവർ മണി പവർ കാണിക്കുകയാണെന്നും നാരായണസ്വാമി നേരത്തെ ആരോപണം ഉയർത്തിയിരുന്നു. ജനങ്ങൾ കോൺഗ്രസിനൊപ്പമാണ്. പണം ഉപയോഗിച്ച് കളിക്കുന്ന ബിജെപിയ്ക്ക് ജനം മറുപടി നൽകുമെന്നും പുതുച്ചേരിയിൽ കോൺഗ്രസ്- ഡിഎംകെ സഖ്യം തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ നിന്ന് നാല് എംഎൽഎമാർ പെട്ടെന്ന് രാജിവെച്ചതിനെ തുടർന്നാണ് പുതുച്ചേരി ഗവർണർ ഫെബ്രുവരി 22ന് വിശ്വാസ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്. വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് പാർട്ടിയിലെ മുതിർന്ന നേതാവ് കെ ലക്ഷ്മിനാരായണന്റെയും ഡിഎംകെ എംഎൽഎ വെങ്കിടേഷന്റെയും രാജി കോൺഗ്രസ്- ഡിഎംകെ സഖ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു.

നിയമസഭയിലെ കക്ഷിനില 28 ആയിരിക്കെ 15 എംഎൽഎമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷം നേടാൻ സർക്കാരിന് ആവശ്യമായിരുന്നത്. സ്പീക്കർ അടക്കം കോൺഗ്രസിന് ഒമ്പതും, ഡിഎംകെക്ക് രണ്ടും ഐഎൻഡിക്ക് 1 എംൽഎയുമാണുണ്ടായിരുന്നത്. ഇതിൽ നാല് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു.

×