കെപിസിസി – തര്‍ക്കം തീര്‍ന്നപ്പോള്‍ ‘ഒരാള്‍ക്ക് ഒരു പദവി’ എ’ ഗ്രൂപ്പില്‍ ഒതുങ്ങി ! ഐ’ ഗ്രൂപ്പ്‌ ഇരട്ടപദവി അനുവദിച്ചു. എംഎം ഹസന്‍ യുഡിഎഫ് കണ്‍വീനറാകും. പുനസംഘടനയില്‍ നേതാക്കള്‍ക്കിടയില്‍ ധാരണ ! പ്രഖ്യാപനം 3 ദിവസത്തിനകം

ജെ സി ജോസഫ്
Sunday, January 19, 2020

ഡല്‍ഹി : കോണ്‍ഗ്രസ് ഭാരവാഹി പട്ടികയില്‍ നേതാക്കള്‍ തമ്മില്‍ ധാരണയിലേയ്ക്ക്. അന്തിമ പട്ടിക തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് സമര്‍പ്പിക്കാനാണ് നീക്കം. ഇതോടെ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പുനസംഘടന പ്രഖ്യാപിക്കും എന്നുറപ്പായി .

ഭാരവാഹികളുടെ കാര്യത്തില്‍ തുടക്കത്തില്‍ ധാരണയിലായ 97 ല്‍ നിന്നും ലിസ്റ്റ് 80 ലേയ്ക്ക് ഒതുക്കാനാണ് പുതിയ തീരുമാനം.

അതേസമയം 17 പേരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുമ്പോള്‍ പുതിയതായി ചിലരെ ഉള്‍പ്പെടുത്തണമെന്ന സമ്മര്‍ദ്ധവും നേതാക്കളെ കുഴപ്പിക്കുന്നുണ്ട് . അതിനാല്‍ തന്നെ പട്ടിക പുറത്തിറങ്ങുമ്പോള്‍ മാത്രമേ എത്ര പേര്‍ പട്ടികയില്‍ സ്ഥാനം പിടിക്കും എന്ന് അന്തിമമായി പറയാന്‍ കഴിയൂ എന്നതാണ് നിലവിലെ അവസ്ഥ.

ധാരണയിലായ പട്ടികയില്‍ പോലും ഗ്രൂപ്പ് പരിഗണനകളുടെ പേരില്‍ ജനപിന്തുണയില്ലാത്ത ചിലര്‍ കയറിക്കൂടിയതിലും വിമര്‍ശനങ്ങള്‍ ശക്തമാണ്. അതേസമയം പുനസംഘടനയില്‍ ഏറ്റവും വലിയ തര്‍ക്കം ഇരട്ടപ്പദവി അനുവദിക്കണമോ എന്നതായിരുന്നു .

എ ഗ്രൂപ്പ് ഇരട്ടപ്പദവിയെ അനുകൂലിച്ചപ്പോള്‍ ഐ ഗ്രൂപ്പ് ഇതിനെ എതിര്‍ത്തു. ഒടുവില്‍ പുനസംഘടനയില്‍ ഇരട്ടപ്പദവി പാലിക്കേണ്ട എന്നതായി അന്തിമ ധാരണ . പക്ഷേ എ ഗ്രൂപ്പ് മുന്‍ നിലപാടില്‍ ഉറച്ചു നിന്നുതന്നെ ഗ്രൂപ്പ് പ്രതിനിധികളുടെ കാര്യത്തില്‍ ഇരട്ടപ്പദവി കര്‍ശനമായി പാലിക്കാന്‍ തീരുമാനിക്കുകയായിരുന്നു .

അങ്ങനെ  പുനസംഘടനാ പട്ടികയിലേയ്ക്ക് എ ഗ്രൂപ്പ് പ്രതിനിധികളായി എത്തിയവരില്‍ എംപിമാരും എം എല്‍ എ മാരും ഇടംപിടിച്ചില്ല. ഗ്രൂപ്പിനുള്ളില്‍ ഒരാള്‍ക്ക് ഒരു പദവി നടപ്പിലാക്കിയിരിക്കുകയാണ്‌ എ ഗ്രൂപ്പ് .

ഇതോടെ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ബെന്നി ബെഹന്നാന്‍ എംപിയും തെറിക്കും. പകരം എം എം ഹസന്‍ യു ഡി എഫ് കണ്‍വീനറാകും. ബെന്നി ബെഹന്നാന്‍ നേരത്തെ എ ഗ്രൂപ്പില്‍ നിന്നും പുറത്തായിരുന്നു.

എ ഗ്രൂപ്പ് ഇരട്ടപ്പദവി കര്‍ശനമായി പാലിച്ചത് ഐ ഗ്രൂപ്പിനും രാഷ്ട്രീയമായി ക്ഷീണമാകും. എന്നാല്‍ ജനപിന്തുണയുള്ള എം എല്‍ എ മാരെയും എംപിമാരെയും ഇരട്ടപ്പദവിയുടെ പേരില്‍ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്നും തഴയുന്നത് ശരിയല്ലെന്നാണ് ഐ യുടെ നിലപാട് .

ഉദാഹരണമായി പ്രവര്‍ത്തന മികവിലൂടെ പാലക്കാട് മിന്നും വിജയം നേടിയ വികെ ശ്രീകണ്ഠന്‍ എംപിയെ ഡി സി സി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി .

ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഏവരും അതംഗീകരിച്ചു . വി ഡി സതീശന്‍ എംഎല്‍എയെ പാര്‍ട്ടി നേതൃത്വത്തില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും അവര്‍ ഉയര്‍ത്തിക്കാട്ടി .

എന്നാല്‍ അടൂര്‍ പ്രകാശിനെപ്പോലെ കോന്നി ഉപതെരെഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയുടെ പരാജയത്തിനു വഴിതെളിച്ച നേതാക്കളെ ഇരട്ടപ്പദവി നല്‍കി നേതൃത്വത്തില്‍ കൊണ്ടുവരുന്നതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. വി എസ് ശിവകുമാറിനെതിരെയും വിമര്‍ശനം ശക്തമാണ്.

×