തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി യുഡിഎഫ് കൺവീനർ എം എം ഹസൻ. പാർട്ടി പറഞ്ഞാൽ എവിടെ നിന്നും മത്സരിക്കുമെന്നാണ് ഹസൻ്റെ നിലപാട്. ഇക്കുറി വിജയിക്കുന്ന സീറ്റ് കിട്ടിയാൽ കൊള്ളാമെന്നും അദ്ദേഹത്തിനുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ഒരു സീറ്റിലും മത്സരിക്കാൻ ഹസന് താൽപര്യമില്ല. ആലപ്പുഴയിൽ ജയസാധ്യതയുള്ള സീറ്റാണ് ഹസന് താൽപര്യം. കായംകുളം കിട്ടിയാൽ കൊള്ളാമെന്നും അദ്ദേഹത്തിനുണ്ട്.
/sathyam/media/post_attachments/Xgx4ipxZx67hW3cdoQ5E.jpg)
1980 ൽ കഴക്കൂട്ടത്തു നിന്നും ആദ്യമായി നിയമസഭയിൽ എത്തിയ ഹസൻ 1982 ലും അവിടെ നിന്നു വിജയിച്ചു. 1987 ൽ തിരുവനന്തപുരം വെസ്റ്റിലേക്ക് മാറിയ ഹസൻ അവിടെ രണ്ടു വട്ടം വിജയിച്ചു.
1996 ൽ വെസ്റ്റിൽ മത്സരിച്ചെങ്കിലും ആൻ്റണി രാജുവിനോട് പരാജയപ്പട്ടു. തുടർന്ന് 2001 ൽ തിരുവനന്തപുരം വിട്ട് ആലപ്പുഴയിലെ കായംകുളത്ത് മത്സരിച്ച ഹസൻ ജി സുധാകരനെ പരാജയപ്പെടുത്തി.
2006ലും 2011ലും സീറ്റുകിട്ടാതിരുന്ന ഹസൻ 2016ൽ ചടയമംഗലത്തു നിന്നും വീണ്ടും മത്സരിച്ചു. പക്ഷേ സി പി ഐ യിലെ മുല്ലക്കര രത്നാകരനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഇത്തവണ സീറ്റിനായുള്ള എല്ലാ ശ്രമങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്ന് പറയുമ്പോഴും പരിചയ സമ്പന്നർ കൂടി മത്സരിക്കണമെന്നാണ് ഹസനെപ്പോലുള്ളവർ പറയുന്നത്.
കായംകുളം കിട്ടിയില്ലെങ്കിൽ മാത്രം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കിട്ടിയാൽ കൊള്ളാമെന്നും ഹസനു മോഹമുണ്ട്. അതിനിടെ 73 വയസുള്ള ഹസൻ സ്ഥാനാർത്ഥിയായാൽ കൂടുതൽ മുതിർന്നവർ സീറ്റു ചോദിക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്.