മന്ത്രി മന്ദിരത്തിൽ ഒരു മസിൽമാൻ ; എം എം മണിയുടെ കൊച്ചുമകൻ മിസ്റ്റർ ഇടുക്കി ; ജിമ്മിൽ പോകുന്നതിന് മുത്തച്ഛന്‍റെ പിന്തുണയും പ്രോത്സാഹനവും ലഭിക്കാറുണ്ടെന്ന് ശ്യാംജിത്ത്

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, February 23, 2020

ഇടുക്കി: ആനച്ചാലിൽ നടന്ന ഇടുക്കി ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിയായത് വൈദ്യുതിമന്ത്രി എം എം മണിയുടെ കൊച്ചുമകൻ. 65-70കിലോഗ്രാം വിഭാഗത്തിലാണ് ശ്യാംജിത്ത് പ്രകാശ് വിജയിച്ചത്. ഇന്നലെ ഇടുക്കി ആനച്ചാലിലായിരുന്നു മത്സരം. അരങ്ങേറ്റ മത്സരത്തിൽ തന്നെ വിജയിക്കാനായ സന്തോഷത്തിലാണ് ശ്യാംജിത്ത്.

എം എം മണിയുടെ രണ്ടാമത്തെ മകൾ ശ്യാമളയുടെയും പ്രകാശിന്‍റെയും മകനാണ് ശ്യാംജിത്ത്. ഇടുക്കി ഇരുപതേക്കറിലെ വീട്ടിൽ എം എം മണിയോടൊപ്പമാണ് കുട്ടിക്കാലത്തേ ശ്യാംജിത്ത് താമസിക്കുന്നത്. ജിമ്മിന് പോകുന്നതിന് മുത്തച്ഛന്‍റെ പിന്തുണയും പ്രോത്സാഹനവും ലഭിക്കാറുണ്ടെന്ന് ശ്യാംജിത്ത് പറഞ്ഞു.

ആനച്ചാലിൽ നടന്ന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യാനിരുന്നതും മന്ത്രിയായിരുന്നു. എന്നാൽ, കർഷകസംഘം സംസ്ഥാനസമ്മേളനം കൊല്ലത്ത് നടക്കുന്നതിനാൽ പരിപാടിക്ക് എത്താനായില്ല. ചാമ്പ്യനായിക്കൊണ്ടാണ് ആ കുറവ് ശ്യാംജിത്ത് നികത്തിയത്.

വിജയവിവരം അറിയിച്ചോ എന്ന ചോദ്യത്തിന്, പാർട്ടി തിരക്കിലായതു കൊണ്ട് പറഞ്ഞില്ലെന്നായിരുന്നു ശ്യാംജിത്തിന്‍റെ മറുപടി. സമ്മേളനം കഴിഞ്ഞ് എത്തുമ്പോൾ നേരിട്ട് പറയാനാണ് ശ്യാംജിത്തിന്‍റെ ഇപ്പോഴത്തെ കാത്തിരിപ്പ്.

×