ഗുജറാത്തിൽ റെക്കോഡ് ജയത്തിലേക്ക് ബിജെപി; ടീം ഗുജറാത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

New Update

publive-image

Advertisment

ദില്ലി: ഗുജറാത്തിൽ തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി  അധികാരത്തിലേക്ക്. മികച്ച വിജയം കൈവരിച്ച  ടീം ഗുജറാത്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. അതേസമയം, വൈകീട്ട് ആറ് മണിക്ക് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് അഭിസംബോധന ചെയ്യും എന്നാണ് വിവരം.

താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി കാഴ്ച്ചവെച്ചത്. പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റിൽ 152 ലും വ്യക്തമായ ലീഡ് നേടി. 13 ശതമാനം വോട്ടും 6  സീറ്റുകളുമായി  ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ച ഗുജറാത്തിൽ കോൺഗ്രസ് തകർന്ന് തരിപ്പണമായി. വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകർന്നടിഞ്ഞ കോൺഗ്രസ് 20  സീറ്റിൽ ഒതുങ്ങി.

എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചത് പോലെ ബിജെപിക്ക് വന്‍ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ കോൺഗ്രസ് ബഹുദൂരം പിന്നിലാണ്. 2017 ൽ 77 സീറ്റ് നേടിയ ഇടത്ത് നിന്നാണ് കോൺഗ്രസിന് ഇത്തരമൊരു വീഴ്ച പറ്റിയിരിക്കുന്നത്. ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വലിയ തോതിൽ ബാധിച്ചത് കോൺഗ്രസിനെയാണ്. ഗുജറാത്തിൽ ബിജെപിക്ക് വെല്ലുവിളിയാകാൻ പോലും കോൺഗ്രസിനോ ആംആദ്മി പാർട്ടിക്കോ സാധിച്ചിട്ടില്ല. ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി ഇറങ്ങിയിരുന്നെങ്കിലും ഗുജറാത്തിൽ വേണ്ട വിധം പ്രചാരണം നടത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.

അതേസമയം, ഗുജറാത്തില്‍ കോൺഗ്രസ് തകർന്നടിഞ്ഞെന്ന് പറയാനാവില്ലെന്ന് കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്. ചില മേഖലകളിൽ തിരിച്ചടിയുണ്ടായെന്നും എന്നാൽ ഇക്കാരണത്താൽ കോൺഗ്രസ് തകർന്നടിഞ്ഞുവെന്ന് പറയാനാകില്ലെന്നും മുകുൾ വാസ്നിക് പറഞ്ഞു.

Advertisment