പാകിസ്താനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വായിക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ അഭിമാനിക്കുന്നുവെന്ന് ഗുലാം നബി ആസാദ്‌; രാജ്യസഭയിൽ ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി നരേന്ദ്ര മോദി; വീഡിയോ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 9, 2021

ന്യൂഡല്‍ഹി : പാകിസ്താനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വായിക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ താനഭിമാനിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്. രാജ്യസഭയില്‍ തനിക്കു ലഭിച്ച യാത്രയയപ്പില്‍ മറുപടി പ്രസംഗത്തിനിടെയായിരുന്നു ഗുലാം നബി ആസാദ് ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയാണ് സ്വർഗമെന്ന് എപ്പോഴും അനുഭവപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനുശേഷമാണ് ഞാൻ ജനിച്ചത്. പാകിസ്ഥാനിലേക്ക് ഒരിക്കലും പോകാത്തിൽ ഭാഗ്യമെന്നു കരുതുന്ന വിഭാഗത്തിൽപ്പെടുന്നു. പാകിസ്താനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വായിക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ ഞാനഭിമാനിക്കുന്നു” ആസാദ് പറഞ്ഞു.

രാജ്യത്തെ വിഘടനവാദവും തീവ്രവാദവും അവസാനിക്കട്ടെയെന്ന് ദൈവത്തോടു പ്രാർഥിക്കുന്നുവെന്നും ജമ്മു കശ്മീരിൽ താൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന ഭീകരാക്രമണത്തെ ഓർമിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിലെ മുസ്ലിം സമൂഹം ആഭ്യന്തര സംഘർഷങ്ങളിൽപ്പെട്ട് ഉഴലുമ്പോൾ ഇന്ത്യൻ മുസ്ലീമുകൾ യോജിച്ചു ജീവിക്കുന്നു. അതു തുടരുകയും ചെയ്യും.

ഈ ലോകത്തെക്കുറിച്ച് ഒരു മുസ്ലിമിന് അഭിമാനം തോന്നണമെങ്കിൽ അതു ഇന്ത്യൻ മുസ്ലീമുകൾക്കായിരിക്കണം. വർഷങ്ങളായി നാം കാണുന്നതാണ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും മുസ്ലീമുകൾ എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത്. അവിടെ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. അവരോടുതന്നെയാണ് അവർ ഏറ്റുമുട്ടുന്നത്.

ഈ പാർലമെന്റിൽനിന്ന് നിരവധി കാര്യങ്ങൾ ഞാന്‍ പഠിച്ചു. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്താണ് എത്തിയത്. എങ്ങനെയാണ് അടൽ ബിഹാരി വാജ്പേയിയുമായി താൻ ആശയവിനിമയം നടത്തുന്നതെന്ന് ഇന്ദിരാ ഗാന്ധി പലപ്പോഴും പറഞ്ഞുതരുമായിരുന്നു. എങ്ങനെയാണ് പ്രതിപക്ഷ നേതാവായി ഇരിക്കേണ്ടതെന്നു പഠിച്ചത് വാജ്പേയിൽനിന്നാണ്.– ആസാദ് വ്യക്തമാക്കി.

രാജ്യസഭയില്‍ നിന്നുള്ള വിരമിക്കല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുലാം നബി ആസാദ് നന്ദി പറഞ്ഞു. വ്യക്തിപരമായി തനിക്കെതിരേ രാജ്യസഭയില്‍ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിട്ടില്ലെന്ന് ഗുലാം നബി പറഞ്ഞു.

“ഞങ്ങള്‍ തമ്മില്‍ വാഗ്വാദങ്ങള്‍ നടന്ന സമയമുണ്ടായിരുന്നു. പക്ഷെ എന്റെ വാക്കുകളെ നിങ്ങള്‍ വ്യക്തിപരമായെടുത്തില്ല”, ഗുലാം നബി ആസാദ് മോദിയെ പരാമര്‍ശിച്ചു

വികാരാധീനനായി നരേന്ദ്ര മോദി

രാജ്യസഭയിൽ ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ സേവനങ്ങൾ വിവരിക്കവേയാണ് പ്രധാനമന്ത്രി വികാരാധീനനായത്.

ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ളവര്‍ കശ്മീരില്‍ കുടുങ്ങിയപ്പോള്‍ ആസാദും പ്രണബ് മുഖര്‍ജിയും നടത്തിയ ശ്രമങ്ങളെ താന്‍ ഒരിക്കലും മറക്കില്ലെന്ന് മോദി പറഞ്ഞു. ‘ആ രാത്രി ഗുലാംനബി എന്നെ വിളിച്ചു…’പ്രസംഗത്തിനിടെ പ്രധാനമന്ത്രി വിതുമ്പി.

‘സ്ഥാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും… ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു യഥാർഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്.’ – പ്രധാനമന്ത്രി പറഞ്ഞു.

‘സ്വന്തം കുടുംബാംഗങ്ങൾ എന്ന പോലെയാണ് ഗുലാം നബി ആസാദ് വിഷയത്തിൽ നിരന്തരമായി ഇടപെട്ടത്. വർഷങ്ങളായി അദ്ദേഹത്തെ അടുത്തറിയാം. ഒരേ സമയം ഞങ്ങൾ മുഖ്യമന്ത്രിമാരായിരുന്നു. ഞാൻ മുഖ്യമന്ത്രി ആകും മുൻപേ അദ്ദേഹവുമായി ഇടപെട്ടിട്ടുണ്ട്.’ – പ്രധാനമന്ത്രി പറഞ്ഞു.

×