ന്യൂഡൽഹി ∙ നോട്ടുനിരോധനത്തിനും ജി എസ് ടിക്കും പിന്നാലെ അടുത്ത മുട്ടന്‍പണിയുമായി നരേന്ദ്രമോദി സർക്കാർ. കൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുകയും അതിനു നികുതി ഏര്‍പ്പെടുത്തുന്നതുമാണ് പുതിയ പണി !
കള്ളപ്പണം തടയുന്നതിനെന്നാണ് പതിവുപോലെ വിശദീകരണമെങ്കിലും രാജ്യത്തെ വിപണിയില്‍ വീണ്ടുമൊരു സ്തംഭനാവസ്ഥ സൃഷ്ടിക്കാനേ പുതിയ നീക്കം ഉപകരിക്കൂ എന്നാണ് വിലയിരുത്തല്‍.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇതിനായി പുതിയ നിയമം അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണമുപയോഗിച്ചു കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്.
നിശ്ചിത പരിധിയിൽ കൂടുതൽ കൈവശം വയ്ക്കുന്ന സ്വർണം സംബന്ധിച്ച എല്ലാ വിവരങ്ങളും ജനം സമർപ്പിക്കണം. പദ്ധതിയിലൂടെ നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കിൽപ്പെടുത്താത്ത സ്വർണം വെളിപ്പെടുത്താനും, വെളിപ്പെടുത്തിയ സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ച് നികുതി നൽകാനും വ്യക്തികളെ അനുവദിക്കു൦. കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ നിയന്ത്രണ പരിധി എത്രയെന്നു പദ്ധതി പ്രകാരം നിശ്ചയിക്കും.
നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കിൽപ്പെടുത്താത്ത സ്വർണം കൈവശംവയ്ക്കുന്നവര്‍ക്ക് കനത്ത പിഴ ലഭിക്കും . വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുകയ്ക്ക് താഴെയുള്ള സ്വർണ്ണാഭരണങ്ങൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കും.
കുറച്ചുകാലം ഗോൾഡ് ആംനെസ്റ്റി സ്കീം ആദായനികുതി ആംനെസ്റ്റി സ്കീമിനൊപ്പമായിരിക്കും. ഒക്ടോബർ രണ്ടാമത്തെ ആഴ്ച പദ്ധതിയെക്കുറിച്ച് ചർച്ചചെയ്യാൻ മന്ത്രിസഭാ യോഗം കൂടാൻ തീരുമാനിച്ചിരുന്നു. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി ചേർന്ന് ‘ഗോൾഡ് ബോർഡ്’ രൂപീകരിക്കും. പുതിയ പദ്ധതിക്കൊപ്പം നിലവിലുള്ള സോവറിൻ ഗോൾഡ് ബോണ്ട് സ്കീം നവീകരിക്കും.
സോവറിൻ ബോണ്ട് സ്കീം പ്രകാരം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (എച്ച്‌യുഎഫ്) നാല് കിലോ വരെ സ്വർണം വാങ്ങാം. പദ്ധതി പ്രകാരം 20 കിലോ സ്വർണം വാങ്ങാൻ ട്രസ്റ്റുകൾക്ക് അനുമതിയുണ്ട്. കൂടാതെ 2.5 ശതമാനം വാർഷിക കൂപ്പണും ഉണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ വിപണി മൂല്യത്തിൽ സ്വർണം വീണ്ടെടുക്കുകയും ചെയ്യാം.
ഏറ്റവും അധികം സ്വര്‍ണ്ണം ഉപയോഗിക്കുന്ന ആളുകള്‍ കേരളത്തിലാണ് . കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലാണ് അതുകഴിഞ്ഞാല്‍ ഉപയോഗം കൂടുതല്‍. ഈ സംസ്ഥാനങ്ങളില്‍ മാത്രമേ ഈ തീരുമാനത്തിനെതിരെ ജനവികാരം ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്ന വിലയിരുത്തലാണ് ബിജെപിക്ക് . അതിനാല്‍ ഇത് സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതികൂലമായി ബാധിക്കില്ല എന്നാണ് അവരുടെ കണക്കുകൂട്ടല്‍.