ആസാം ജനതയ്ക്ക ‘സമാധാന ട്വീറ്റ്’, മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ്

ഉല്ലാസ് ചന്ദ്രൻ
Thursday, December 12, 2019

ന്യൂഡല്‍ഹി: ആസാമിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ‘ട്വീറ്റ്’ ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ്.

ആസാമില്‍ ഇന്റര്‍നെറ്റ് ഇല്ലെന്നും സന്ദേശം ആര്‍ക്കും വായിക്കാന്‍ കഴിയില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ പരിഹാസം. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിത്തെുടര്‍ന്നു ആസാമുള്‍പ്പടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം കത്തിപ്പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സമാധാന സന്ദേശം ട്വീറ്റ് ചെയ്തിരുന്നു.

”നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അസ്തിത്വവും കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. അതു മേല്‍ക്കുമേല്‍ വളരുകതന്നെ ചെയ്യും.”- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ആസാമിലെ സഹോദരീ സഹോരന്മാര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും മോഡി പറഞ്ഞു.

ഇതിനുപിന്നാലെയാണ് മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ”ആസമിലെ സഹോദരീ, സഹോദരന്മാര്‍ക്ക് താങ്കളുടെ സന്ദേശം വായിക്കാന്‍ കഴിയില്ലെന്നു താങ്കള്‍ മറന്നെങ്കില്‍ ഓര്‍മിപ്പിക്കാം, അവിടെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.” – കോണ്‍ഗ്രസ് ഔദ്യോഗിക ട്വീറ്റില്‍ കുറിച്ചു.

പോലിസുകാരുമായി പ്രക്ഷോഭകര്‍ ഏറ്റുമുട്ടി. അസമില്‍ നാലിടത്തു സൈന്യത്തെ ഇറക്കി. ദിബ്രുഗഡ്, ബുന്‍ഗായ്ഗാവ്, ജോര്‍ഹത്, ടിന്‍സുകിയ എന്നിവിടങ്ങളിലാണു സൈന്യം രംഗത്തിറങ്ങിയത്. അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ച ഗുവാഹത്തി നഗരത്തില്‍ സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി. ഇവിടെ ഇന്റര്‍നെറ്റ് സൗകര്യവും വിച്ഛേദിച്ചിരുന്നു.

മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ ലഖിനഗറിലെ വീടിനു നേരേ കലാപകാരികള്‍ കല്ലെറിഞ്ഞു. ആസാമില്‍നിന്ന് ആരംഭിക്കുന്ന ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്ഥലമായ ദിബ്രുഗഡിലെ ചാബുവ റെയില്‍വേ സ്റ്റേഷനു പ്രക്ഷോഭകാരികള്‍ തീവച്ചു.

×