ശാസ്ത്രജ്ഞന്‍റെ കൊലപാതകം ! ഇറാന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത് !

പ്രകാശ് നായര്‍ മേലില
Thursday, December 3, 2020

ശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദെ (Mohsen Fakhrizadeh) നെ മൊസാദ് കൊലപ്പെടുത്തിയത് റിമോട്ട് കൺട്രോൾ ആട്ടോമാറ്റിക്ക് ഗൺ മൂലം.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇറാൻ ഇപ്പോൾ നടത്തിയിരിക്കുന്നത്. മൊഹ്‌സൻ ഫക്രീസാദേ സഞ്ചരിച്ചിരുന്ന കാറിനുനേരേ അക്രമികളായ 4 പേർ ബോംബെറിഞ്ഞശേഷം മെഷീൻ ഗണ്ണുപയോഗിച്ചു വെടിയുതിർത്താണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന ആദ്യത്തെ വെളിപ്പെടുത്തിനു ഘടകവി രുദ്ധമായി സംഭവസ്ഥലത്ത് അക്രമികളിൽ ഒരാൾ പോലുമില്ലായിരുന്നെന്നാണ് ഇറാൻ സുരക്ഷാ തലവൻ അലി ഷാംഖാനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

അതീവ സൂക്ഷമതയോടെ വളരെ കൃത്യമായി സാറ്റലൈറ്റ് നിയന്ത്രണത്തിൽ റിമോട്ട് കൺട്രോൾ ഗൺ മൂലമാണ് തങ്ങളുടെ ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദെ കൊല്ലപ്പെട്ടതെന്നും അതിൻ്റെ തെളിവുകൾ ലഭിച്ചുവെന്നും എല്ലാ വിവരങ്ങളും ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അലി ഷാൻഖാനി പറയുന്നു. സംഭവസ്ഥലത്ത് അക്രമികൾ ആരുമില്ലായിരുന്നെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ട മൊഹ്‌സെൻ ഫക്രിസാദെയുടെ സംസ്കാരം തിങ്കളാഴ്ച നടത്തപ്പെട്ടത് ഇറാൻ ടി.വി യിൽ പ്രക്ഷേപണം ചെയ്തിരുന്നു. ഇറാനിയൻ ദേശീയപതാക പുതപ്പിച്ച മൃതദേഹം ടെഹ്റാനിലെ ഇറാൻ രാജ്യരക്ഷാമന്ത്രാലയ കാമ്പൗണ്ടിലാണ് സംസ്കരിച്ചത്.

യഹൂദി സർക്കാരും, മൊസാദും,വിദേശത്തുകഴിയുന്ന മുജാഹിദീൻ എ ഖാൽക്ക് (MKO) എന്ന പ്രതിപക്ഷ ഇറാൻ നേതാക്കളുടെ സംഘടനയും ചേർന്നാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നും ഇറാൻ ജനതയുടെ ആഗ്രഹപ്രകാരം തങ്ങൾ ഉചിതമായ സമയത്ത് ഈ കൊലയ്ക്ക് പകരം വീട്ടിയിരിക്കുമെന്നും അലി ഷാൻഖാനി പറഞ്ഞു. എന്നാൽ പതിവുപോലെ ഇറാന്റെ ആരോപണങ്ങളോട് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

×