Advertisment

മോന്‍സന്‍ മാവുങ്കൽ കുടുംബ മേളയ്ക്കായി എറണാകുളം പ്രസ് ക്ലബിന് നൽകിയത് 10 ലക്ഷം ! ഫണ്ട് സംഘടിപ്പിച്ച വിവാദ മാധ്യമ പ്രവർത്തകന് കമ്മീഷനായി കൊടുത്തത് രണ്ടു ലക്ഷം ! കുടുംബ മേളയ്ക്ക് ചിലവായ രണ്ടു ലക്ഷത്തിൻ്റെ ബാക്കി ആറു ലക്ഷം ആരൊക്കെ വീതിച്ചെടുത്തു. മോൻസൺ സംഭാവന നൽകിയ പണത്തിൻ്റെ വരവും ചിലവും കണക്കിലില്ല ! നേരത്തെ കിട്ടിയെന്ന് സമ്മതിച്ച രണ്ടു ലക്ഷം പെട്ടന്നു 10 ലക്ഷമായി ഉയർന്നത് മോൻസൺ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ. പ്രസ് ക്ലബ് ഭാരവാഹികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. എറണാകുളത്തെ പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് കെയുഡബ്ല്യുജെ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ കത്ത് !

New Update

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോന്‍സന്‍ മാവുങ്കൽ അറസ്റ്റിലായതിനു പിന്നാലെ കേസില്‍ മോൻസണുമായി ബന്ധമുള്ള മാധ്യമ പ്രവർത്തകനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ പുറത്തു വരുന്നതു എറണാകുളത്തെ മാധ്യമ പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കുന്ന വാർത്ത. മോൻസൻ മാവുങ്കൽ പ്രസ് ക്ലബ് കുടുംബമേളയ്ക്കായി 10 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ രണ്ടു ലക്ഷം രൂപ തനിക്കു കമ്മിഷനായി കിട്ടിയെന്നുമാണു മാധ്യമ പ്രവർത്തകൻ ക്രൈം ബ്രാഞ്ചില്‍ മൊഴി നല്‍കിയത്.

Advertisment

publive-image

എറണാകുളം പ്രസ് ക്ലബ് ഭാരവാഹികളാണ് ജില്ലാ ഭാരവാഹിയായ മാധ്യമപ്രവർത്തകനൊപ്പം ചേര്‍ന്ന് മോന്‍സന്റെ സംഭാവന തട്ടിയെടുത്തതെന്ന് ആക്ഷേപം ഉയരുന്നത്. മോന്‍സന്റെ സംഭാവനക്കാര്യം പരിശോധിക്കാന്‍ ചേര്‍ന്ന പ്രസ് ക്ലബ് ഭരണസമിതി യോഗത്തില്‍ തുക കണക്കില്‍ പെടുത്തിയിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.

ഓഡിറ്റിങ് കഴിഞ്ഞ കണക്കിലേക്ക് വ്യാജ ബില്‍ ചേര്‍ത്ത് കണക്കൊപ്പിക്കണമെന്ന ഭാരവാഹികളുടെ യോഗത്തിൽ ചിലർ നിർദേശിച്ചെങ്കിലും അതു മറ്റു ചിലർ എതിർത്തു. ആരോപണ വിധേയനായ മാധ്യമ പ്രവർത്തകനൊപ്പം മോൻസൻ്റെ പണത്തിൻ്റെ പങ്കു പറ്റിയ വരെപ്പറ്റിയും അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.

അതിനിടെ മോൻസൻ്റെയും ആരോപണ വിധേയനായ മാധ്യമ പ്രവർത്തകൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രസ് ക്ലബ് ഭാരവാഹികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അടുത്ത ദിവസം തന്നെ ഇവരെ വിളിപ്പിക്കാനാണ് തീരുമാനം.

ഇവരെ വിളിപ്പിക്കുന്നതോടെ മാധ്യമ സമൂഹത്തിനു തന്നെ നാണക്കേട് ആകുമെന്ന് ഉറപ്പാണ്. നേരത്തെ മോൻസൺ 2020ലെ കുടുംബ മേളയിൽ ഭക്ഷണ ചിലവായ 2 ലക്ഷം നൽകിയെന്നായിരുന്നു ഭാരവാഹികൾ പറഞ്ഞിരുന്നത്. എന്നാൽ താൻ 10 ലക്ഷം രൂപയാണ് നൽകിയതെന്ന് മോൻസൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകുകയായിരുന്നു.

മോൻസൺ ഇക്കാര്യം പറഞ്ഞുവെന്ന് ഉറപ്പിച്ചതോടെ വിവാദ മാധ്യമ പ്രവർത്തകനും ഇക്കാര്യം സമ്മതിച്ചു. 10 ലക്ഷത്തിൽ തനിക്ക് രണ്ടു ലക്ഷം കിട്ടിയെന്ന് ഇയാൾ സമ്മതിച്ചതോടെയാണ് ബാക്കി 8 ലക്ഷം എങ്ങനെ ചിലവഴിച്ചു എന്ന സംശയം ഉയർന്നത്.

അതിനിടെ എറണാകുളം പ്രസ് ക്ലബിനു വേണ്ടി മോന്‍സന്‍ മാവുങ്കലില്‍ നിന്നു ഫണ്ട് വാങ്ങി അതു തട്ടിയെടുത്ത ഭാരവാഹികള്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടു സംസ്ഥാന സെക്രട്ടറി ടി പി പ്രശാന്ത് കെയുഡബ്ല്യുജെ സംസ്ഥാന നേതൃത്വത്തിന് കത്തുനൽകി. ഈ ആരോപണങ്ങളൊക്കെയും പ്രശാന്ത് കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

monson mavunkal
Advertisment