Advertisment

മൂകസാഫല്യം

author-image
സത്യം ഡെസ്ക്
New Update

'ഹരീ' ,

'വേഗം പോകൂ , അല്ലേൽ ട്രെയിൻ കിട്ടില്ല '.

മുത്തശ്ശി ദേവകി പറഞ്ഞത് കേട്ടപാതി കേൾക്കാത്തപാതി മുത്തശ്ശിക്ക് ഒരുമ്മ കൊടുത്ത് അവൻ ബാഗുമായി ഓടി . പാതിവഴിയിൽ നടന്ന് വരുന്ന മുത്തച്ഛനും ഒരുമ്മ കൊടുത്ത് അവൻ ഓട്ടത്തിന് വേഗം കൂട്ടി . അവന്റെ ഓട്ടം നോക്കി മുത്തച്ഛൻ കുറേ നേരം വഴിയരികയിൽ തന്നെ നിന്നു.

Advertisment

publive-image

അമ്മയും അച്ഛനും ആദ്യ കുഞ്ഞിനെ വിട്ടു പിരിഞ്ഞു പോയി . അപകടമരണമോ എന്തോ ? , ഒരു ദിവസം ആശുപത്രിയിൽ നിന്നും വിളി വന്നപ്പോഴാണ് വിവരം അറിഞ്ഞത് . ചെന്നപ്പോൾ ആർക്കും വേണ്ടാതെ രണ്ടനാഥ പ്രേതങ്ങളും മിണ്ടാപ്രാണിപോലെയായ ഹരിയും . തലക്കെന്തോ ക്ഷതം പറ്റിയ കുട്ടിയെ അനാഥമാക്കി അവന്റെ അമ്മയും അച്ഛനും യാത്രയായി . ഒരു മാസത്തെ ചികിത്സകൾക്ക് ശേഷം മൂകനായിപ്പോയ അവനെ മുത്തച്ഛനും മുത്തശ്ശിയും വീട്ടിലേക്ക് കൊണ്ടുപോന്നു .

കാലചക്രം ഉരുണ്ടു . അവൻ വലുതായിരിക്കുന്നു . മുത്തച്ഛൻ വിശാലാക്ഷൻ കൊച്ചു കച്ചവടങ്ങളുമായി ആകെയുള്ള ഒരേ ഒരു മകളുടെ മകനായ അവനെ പാടുപെട്ടുനോക്കി കൊണ്ടുവന്നു . ഒരു പാട് ചികിത്സകൾ നടത്തിനോക്കിയിട്ടും ഫലമൊന്നും കിട്ടിയില്ല . അവൻ മൂകനായിത്തന്നെ തുടർന്നു .

അന്നത്തെ അവസ്ഥയിൽ അവന്റെ അച്ഛന്റെ കുടുംബത്തീന്ന് ആരും തിരിഞ്ഞു നോക്കിയതുപോലും ഇല്ല .ചെറുപ്പത്തിൽ നന്നായി കളിച്ച് സംസാരിച്ച് നടന്നിരുന്ന അവൻ അച്ഛനും അമ്മയും നഷ്ടമായ് മൂകനായതിൽപ്പിന്നെ അവന്റെ അച്ഛനും അമ്മയും എല്ലാം മുത്തച്ഛനും മുത്തശ്ശിയും ആണ് . എന്നിരുന്നാലും മുത്തച്ഛനെ ആണ് കൂടുതൽ ഇഷ്ടം .

കൂട്ടുകാർക്കിടയിലും സ്കൂളിലും അവൻ എന്നും ഒരു പരിഹാസ കഥാപാത്രമായി മാറികൊണ്ടിരുന്നു. ഓരോ ദിവസത്തെ വിശേഷങ്ങളും വീട്ടിൽ വന്ന് പറയാൻ പറ്റാതെ ഓരോ ആംഗ്യങ്ങൾ കാട്ടി മുത്തച്ഛനേയും, മുത്തശ്ശിയേയും അവന്റെ വിഷമം മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചിരുന്നു . ആദ്യമാദ്യം ഒന്നും മനസ്സിലാവാതെ അവനെ സന്തോഷിപ്പിച്ചെങ്കിലും പതിയെ പതിയെ അവർക്കും ഓരോന്ന് മനസ്സിലായി തുടങ്ങിയിരുന്നു .എല്ലാത്തിനും അവനെ ആശ്വസിപ്പിക്കാൻ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

തന്നെ കഷ്ട്ടപെട്ട് വളർത്തുന്ന മുത്തശ്ശിയേയും , മുത്തച്ഛനെയും കാണുമ്പോൾ അവന്റെ ഉള്ളിൽ വിഷമം ആണ്. പഠിച്ച് ജോലി വാങ്ങി അവരെ പൊന്നുപോലെ നോക്കണം എന്ന ആഗ്രഹം മാത്രമേ അവന് ഉള്ളൂ..

.

പഠിപ്പ് കഴിഞ്ഞ് ജോലിക്കായി ഒരുപാട് ശ്രമിച്ചുവെങ്കിലും പലയിടത്ത് നിന്നും അവഗണനകളായിരുന്നു ഫലം. എങ്കിലും മുത്തച്ഛന്റെ ശുപാർശയിൽ ദൂരെയല്ലാത്ത ഒരു കമ്പനിയിൽ തെറ്റില്ലാത്ത ഒരു ജോലി ഇപ്പോൾ ഉണ്ട്.

മുത്തച്ഛൻ കഴിഞ്ഞ ദിവസം പറഞ്ഞപ്പോളാണ് കല്യാണം എന്നതിനെ പറ്റി മനസ്സിൽ ചിന്തിച്ചത് .'മൂകനായവനെയൊക്കെ ആരാ ഇപ്പൊ കല്യാണം കഴിക്കാ 'എന്ന് പറഞ്ഞ് അത് തള്ളി കളഞ്ഞു .അങ്ങനെയൊക്കെ പറയുമ്പോഴും ഉള്ളിൽ മോഹമില്ലാതില്ലായിരുന്നില്ല . സ്ത്രീ എന്താന്നൊക്കെ പലതീന്നൊക്ക വായിച്ച് മനസ്സിലാക്കിയിരുന്നു . വിവാഹ ജീവിതത്തിലൂടെ ഒരു കുടുംബം കൊണ്ട് പോണം എന്നൊക്കെ ആഗ്രഹം ഉണ്ട് . പക്ഷെ ഒരു പെണ്ണ് കിട്ടണ്ടേ ? ....

റെയിൽവേ സ്റ്റേഷനിൽ എത്തി , ഭാഗ്യം ട്രെയിൻ പോയിട്ടില്ല . ടിക്കറ്റ് കൗണ്ടറിൽ ആളുകളുടെ നിര കുറവാണ് . കൗണ്ടറിൽ ഇരിക്കുന്ന ആളെ നോക്കി . ആൾ മാറിയിട്ടുണ്ട് . ടിക്കറ്റ് എടുക്കാൻ ഇനി എന്ത് ചെയ്യും . പഴയാൾക്ക് അവനെ കണ്ടാൽ അറിയാമായിരുന്നു . എഴുതികാണിക്കാം എന്ന് വിചാരിച്ച് പോക്കറ്റ് തപ്പി ,അപ്പോഴാണ് പേന എടുത്തില്ലെന്നറിയുന്നത് . എന്തായാലും വരിയിൽ നിന്നു . മുന്നിൽ നാല് പേരുകൂടിയുണ്ട് . എന്ത് ചെയ്യും എന്ന് വിചാരിച്ച് പിന്നിലുള്ള ആളുടെ അടുത്ത് പേനയുണ്ടോ എന്ന് ആംഗ്യ ഭാഷയിൽ ചോദിക്കുമ്പോഴേക്കും പിന്നിൽ നിന്ന്

'എടാ ഹരി', എന്ന വിളി .

നോക്കിയപ്പോൾ ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന സിന്ധു .

'നീ മാറ് , ഞാൻ എടുക്കാം ടിക്കറ്റ് '

അവനെ മാറ്റി നിർത്തി. അവൾ വരിയിൽ നിന്ന് ടിക്കറ്റ് എടുത്ത് പിന്നെ രണ്ട് പേരും കൂടി പ്ലാറ്റുഫോമിലേക്ക് നടന്നു .

അവൾ മിക്കവാറും ബസിലാണ് വരാറ് .

തികച്ചും യാദൃശ്ചികമായി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഇന്നത്തെ അവളുടെ വരവ് , അവനെ ഏറെ സന്തോഷിപ്പിച്ചു .

പ്ലാറ്റ്‌ഫോമിൽ അവർ എത്തിയതും ട്രെയിൻ വന്നതും ഒരുമിച്ചായിരുന്നു .

രണ്ടു പേരും ഒരു കമ്പാർട്ട്മെന്റിൽ കേറി .സീറ്റ് കിട്ടിയത് അവൾ അവന് കൊടുത്ത്‌ അവന് സമീപം ചേർന്ന് നിന്നു..

ഓഫീസിൽ പലപ്പോഴും അവന്റെ അടുത്ത് വന്നിരിക്കാനും , ഉച്ചയൂണിന് കമ്പനിതരാനും അവളെ ഉണ്ടായിരുന്നുള്ളു .ഇറങ്ങേണ്ട സ്റ്റേഷൻ ‌ എത്തിയപ്പോൾ ഇരുവരും ഇറങ്ങി ഓഫീസിലേക്ക് നടന്നു .

'സ്റ്റേഷനിൽ ഞാൻ എത്തിയില്ലായിരുന്നെങ്കിൽ ഇന്ന് പരാക്രമം അടിക്കില്ലായിരുന്നോ നീ ?'.

' നന്ദിയായി ഒന്ന് ചിരിച്ചൂടെ ?'

ഒരുമിച്ച് നടക്കുമ്പോൾ അവൾ അവനോട് ചോദിച്ചു ...

അവൾ ചോദിച്ചത് കേട്ട് നല്ലൊരു ചിരി പാസ്സാക്കി അവർ ഓഫീസിലേക്കുള്ള നടത്തം വേഗത്തിലാക്കി .ഓഫീസിൽ പതിവിന് വിപരീതമായി ഒന്നും സംഭവിച്ചില്ല . പതിവ് പോലെ ആ ദിവസവും മുന്നോട്ട് പോയി.

ഒരു അവധി ദിവസം മുത്തച്ഛനും മുത്തശ്ശിയും അവനെയും കൊണ്ട് യാത്രപോകാൻ ഒരുങ്ങി . ഒറ്റയ്ക്ക് പരമാവധി എങ്ങോട്ടും യാത്ര ചെയ്യാത്ത അവനെ ഇടയ്ക്കിടയ്ക്ക് ദൂരെ കൊണ്ടുപോകുന്നത് പതിവായതിനാൽ യാത്ര എങ്ങോട്ടാണെന്ന് ആംഗ്യ ഭാഷയിൽ ചോദിയ്ക്കാൻ നിന്നില്ല . വീടിനടുത്തുള്ള സന്തോഷിന്റെ ഓട്ടോ റിക്ഷയിൽ അവർ യാത്ര തിരിച്ചു . പോകുന്ന വഴിക്കൊന്നും ആരും മിണ്ടിയില്ല . ഏകദേശം അരമണിക്കൂർ യാത്ര ചെയ്ത ശേഷം ഒരു വീടിന്റെ മുൻപിൽ ഓട്ടോ റിക്ഷ നിന്നു . എല്ലാവരും ഇറങ്ങി .എല്ലാവരെയും കണ്ടതും ആരെയോ പ്രതീക്ഷിച്ചെന്ന പോലെ മധ്യവസകനെന്ന് തോന്നിപ്പിക്കുന്ന ഒരാൾ വന്ന് ,അകത്തേക്ക് ക്ഷണിച്ചു .

വിശാലമായ ഹാളിലെ ഒരു സോഫയിൽ അവർ മൂവരും ഇരുന്നു . അവന് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല . മുത്തച്ഛനേയും ,മുത്തശ്ശിയേയും തോണ്ടി വിവരം ചോദിച്ചു . അടങ്ങിയിരിക്കെന്ന് അവർ പതിയെ പറഞ്ഞതും അകത്ത് നിന്ന് ഒരു സ്ത്രീ ഒരുങ്ങി പാത്രത്തിൽ ചായയും കൊണ്ട് വരുന്നത് കണ്ടു .പെട്ടെന്ന് അവന് ആരാന്ന് മനസ്സിലായില്ല. സോഫയ്ക്ക് മുന്നിലെ ടീപ്പോയിൽ ചായ വെച്ച്‌ ആ സുന്ദരി മുഖത്ത് നോക്കിയപ്പോഴാണ് ഓഫീസിലെ സിന്ധുവാണ് എന്ന് മനസ്സിലായത് . ടീപ്പോയിൽ നിന്നും ചായ എടുത്ത് അവന് കൊടുത്ത് അവൾ ചിരിച്ചു . അവനാകെ പന്തം കണ്ട പെരുച്ചാഴികണക്കേ ആയിപ്പോയി . അവൾ ഒന്നും പറയാതെ അടുക്കളയുടെ ഓരത്ത് പോയി നിന്നു.

പെട്ടെന്ന് മുത്തച്ഛനും, മുത്തശ്ശിയും പെണ്ണ് കാണാൻ വന്നതാണെന്ന് പറഞ്ഞ് അവളുടെ അമ്മയും അച്ഛനും അവനെ അവളുടെ അടുത്ത് കൊണ്ട് പോയി .

'മോനെ ഇനി ഇന്ന് മുതൽ ഇവൾ നിന്റെ പെണ്ണാ 'എന്ന് പറഞ്ഞ് അവളുടെ മുൻപിൽ നിർത്തി .ഒന്നും മനസ്സിലാവാതെ വിറങ്ങലിച്ച് നിന്ന അവനെ അവൾ കണ്ണീരോടെ കെട്ടിപിടിച്ചു .ഇന്ന് വരെ അവനോട് പറയാത്ത പ്രണയത്തെ മുഴുവൻ അവനിലേക്ക് പടർത്തി മുറിയിലേക്ക് ആനയിച്ചു കൊണ്ട് പോയി .

ഓഫീസിൽ പലപ്പോഴും അവനിലേക്ക് ശ്രദ്ധ കൊടുത്തിരുന്ന വിവരങ്ങളും , ഒരിക്കൽ അവന്റെ മുത്തച്ഛനോടും മുത്തശ്ശിയോടും വിവരങ്ങൾ അവളുടെ അമ്മയും അച്ഛനും വഴി കൈമാറിയതിന്റെയെല്ലാം നിജ സ്ഥിതി അവനോട് പറഞ്ഞു . സമയമാകുമ്പോൾ അവനെ ചേർത്ത് വെച്ച് തരാമെന്നുള്ള വാക്കിന്റെ ബലത്തിലാണ് നിശബദ്ധമായി അവൾ പ്രണയിച്ചതെന്ന് തുറന്ന് പറഞ്ഞതും അവൻ അവളുടെ മടിയിലേക്ക് ചാഞ്ഞു .മൂകനായവനെ പ്രണയിച്ചവളോടുള്ള സ്നേഹം കണ്ണീരായി അവളുടെ മടിയിലൂടെ വസ്ത്രത്തെയും നനച്ച് ആഴ്ന്നിറങ്ങിയപ്പോൾ അവൾ അവനെ പിടിച്ചെണീപ്പിച്ച് കൊണ്ട് ഹാളിലേക്ക് കൊണ്ടുപോയി .

എല്ലാവരും കൂടി അവന്റെ വിവാഹതിയ്യതിയും നിശ്ചയിച്ച് അവിടെനിന്നും ഇറങ്ങി .ഓട്ടോറിക്ഷ വരെ അവളും , അമ്മയും പിന്നെ അച്ഛനും അവരെ അനുഗമിച്ചു .

വണ്ടി സ്റ്റാർട്ട് ചെയ്ത സമയം അറ്റത്തിരുന്ന അവന്റെ ചുണ്ടിൽ മനോഹരമായൊരുമ്മ നൽകി അവൾ അവന്റെ ജീവിതത്തിന്റെ പ്രതീക്ഷകൾക്ക് വീണ്ടും വീണ്ടും കുളിർമയേകി . .

publive-image

mookasaphallyam story
Advertisment