മോട്ടോർ വാഹന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് ദില്ലിയിൽ നാളെ മോട്ടോർ വാഹന പണിമുടക്ക്: പിഴ കുറയ്ക്കണമെന്നാവശ്യം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 18, 2019

ദില്ലി: ദില്ലിയിൽ നാളെ മോട്ടോർ വാഹന പണിമുടക്ക്. മോട്ടോർ വാഹന നിയമഭേദഗതിയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വാഹന ഉടമകളുടെ 41 സംഘടനകൾ ഉൾപ്പെടുന്ന ഐക്യ വേദിയുടെ യോഗത്തിലാണ് തീരുമാനം.

ട്രക്ക്, ടാക്സി, ഓട്ടോ, സ്വകാര്യ ബസുകൾ എന്നിവ പണിമുടക്കിന്റെ ഭാഗമാകും. പണിമുടക്കിനോട് സഹകരിക്കാൻ സ്‌കൂൾ ബസ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

മോട്ടോർ വാഹന നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ കുറച്ചില്ലെങ്കിൽ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നൽകി.

അതേസമയം, കേരളത്തില്‍ നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഗതാഗത നിയമലംഘനങ്ങളിന്മേലുള്ള നടപടികള്‍ ശക്തമാക്കും.

ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഗതാഗത ചട്ട ലംഘനങ്ങളില്‍ പുതുക്കിയ നിയമപ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കില്ല. പകരം ഗതാഗത ലംഘനങ്ങളിലെ കേസ് കോടതിക്ക് കൈമാറാനാണ് തീരുമാനം.

×