New Update
മാനസികമായി മനുഷ്യനെ തളര്‍ത്തുന്നതിന് മുഖ്യകാരണം അവന്‍/അവള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ആണ്. ലോക്ക്ഡൗണ്‍ കാലത്ത് മനുഷ്യരില്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി വിദഗ്ധരും പറയുന്നു. സമ്മര്‍ദ്ദം കുറയ്ക്കാനും ശരീരത്തിന് വഴക്കം ലഭിക്കാനും ഏറ്റവും ഉത്തമമായ മാര്‍ഗമാണ് യോഗാഭ്യാസം.
Advertisment
ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നതും പ്രത്യേകിച്ച് പരിശീലനം ആവശ്യമില്ലാത്തതുമായ യോഗാസനങ്ങളില്‍ ഒന്നാണ് തദാസനം (മൗണ്ടന്‍ പോസ്). കൈ, കാല്‍ മുട്ടുകളും ചുമലുകളം ആയാസരഹിതമായ ചലിപ്പിക്കാന്‍ തദാസനത്തിലൂടെ കഴിയും. ശരീരത്തിന് വഴക്കവും കരുത്തും ഉന്മേഷവും പകരുന്ന തദാസനത്തെക്കുറിച്ച്...
'തദ' എന്നാല്‍ പര്‍വതം എന്നാണര്‍ത്ഥം. നിവര്‍ന്ന് പര്‍വതത്തിന് സമാനമായി നില്‍ക്കുക എന്നാണ് തദാസനം കൊണ്ടുദ്ദേശിക്കുന്നത്.
തദാസനം ചെയ്യേണ്ടത് ഇങ്ങനെ...
- സാധാരണ പോലെ നിവര്‍ന്ന് നില്‍ക്കുക
- പാദങ്ങള്‍ ചേര്‍ത്തു വയ്ക്കുക. ഇരുകാലുകളുടെയും പെരുവിരലും പാദങ്ങളും പരസ്പരം സ്പര്‍ശിക്കുന്ന രീതിയിലാകണം നില്‍ക്കേണ്ടത്
- പാദം നിലത്ത് സ്പര്‍ശിക്കുന്ന രീതിയില്‍ വിശ്രമാവസ്ഥയില്‍ നില്‍ക്കുക. വിരലുകള്‍ നന്നായി നിവര്‍ത്തണം
- ഉപ്പൂറ്റി നിലത്തുറപ്പിച്ച് നില്‍ക്കുക. ശരീരഭാരം പാദത്തിന്റെ മധ്യഭാഗത്തായിരിക്കണം കേന്ദ്രീകരിക്കേണ്ടത്
- കാല്‍മുട്ടുകള്‍, അരക്കെട്ട്, തുടകളിലെ മാംസപേശികള്‍ എന്നിവ യഥാക്രമം ഇറുക്കി പിടിക്കുക
- നട്ടെല്ല് നിവര്‍ത്തി പിടിക്കണം. തുടര്‍ന്ന് നെഞ്ച് വികസിപ്പിക്കുക
- വയറും കഴുത്തും ഒരേ നിലയില്‍ നിവര്‍ത്തി പിടിക്കണം
- നന്നായി നിവര്‍ന്ന് നില്‍ക്കുകയും കൈകള്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ച് കൈത്തലം തുടകള്‍ക്ക് മേല്‍ വച്ച് വിരലുകള്‍ നിവര്‍ത്തി പിടിക്കുകയും ചെയ്യുക
- ഈ നിലയില്‍ 20-30 സെക്കന്‍ഡുകള്‍ നിന്ന് സാധാരണ രീതിയില്‍ ശ്വാസോച്ഛാസം ചെയ്യണം